മിയാമിസ്ബര്ഗ് (യുഎസ്): ഡീപ് ഫേക്ക് പ്ലാറ്റ്ഫോമുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന നഗ്നചിത്രങ്ങളും വീഡിയോകളും വന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ മറ്റൊരു നടുക്കുന്ന റിപ്പോര്‍ട്ട് കൂടി പുറത്ത്.
എഐയുടെ സഹായത്തോടെ സാധാരണ ചിത്രങ്ങളെ വസ്ത്രമില്ലാത്തവയാക്കി മാറ്റുന്ന പ്ലാറ്റ്ഫോമുകളിലേക്ക് വന്‍തോതില്‍ ആളുകള്‍ എത്തുന്നുവെന്ന് സോഷ്യല്‍ നെറ്റ് വര്‍ക്ക് വിശകലന കമ്പനിയായ ഗ്രാഫിക്ക പുറത്ത് വിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സെപ്റ്റംബറില്‍ മാത്രം 2.4 കോടി ആളുകള്‍ ഇത്തരം പ്ലാറ്റ്ഫോമുകള് സന്ദര്‍ശിച്ചുവെന്നും ഇത്തരം സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഈ വര്‍ഷം ജനുവരി മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ എക്സ്, റെഡ് ഇറ്റ് മുതലായ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ആപ്പുകളുടെ പരസ്യലിങ്ക് വരുന്നത് വര്‍ധിച്ച് വന്നുവെന്നും പതിനൊന്ന് മാസം കൊണ്ട് ഇവയുടെ എണ്ണം 2,400 ശതമാനത്തിലധിക്കമായെന്നും ഗ്രാഫിക്ക പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ അശ്ലീല ഉള്ളടക്കമുള്ള പരസ്യങ്ങള്‍ അനുവദിക്കില്ലെന്നും ഇവ നീക്കം ചെയ്യാന്‍ വേണ്ട നടപടികളെടുക്കുമെന്നും ഗൂഗിള്‍ വക്താവ് അറിയിച്ചിരുന്നു. ഡീപ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നടി രശ്മിക മന്ദാന ഉള്‍പ്പടെയുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വന്നത് ഏറെ വിവാദങ്ങളുയര്‍ത്തിയിരുന്നു.
കുട്ടികളുടെ ചിത്രങ്ങളടക്കം ഇത്തരത്തില്‍ മോശമായി ഉപയോഗിക്കുന്നുവെന്ന പരാതിയും ഇപ്പോള്‍ വര്‍ധിച്ച് വരികയാണ്. സാധാരണ മോര്‍ഫിംഗുമായി താരതമ്യം ചെയ്താല്‍ ഡീപ്ഫേക്ക് ഉള്ളടക്കങ്ങള്‍ക്ക് കൃത്യത കൂടുതലാണ്.
ഒറിജിനലാണോ വ്യാജനാണോ എന്ന് തിരിച്ചറിയാന്‍ സാങ്കേതികവിദഗ്ധര്‍ക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ് ഡീപ്ഫേക്ക് ഉള്ളടക്കങ്ങൾ. ഇവയ്ക്ക് കർശന നിയന്ത്രണം കൊണ്ടുവരുന്ന ചട്ടങ്ങൾ ഒരുക്കാനുള്ള നീക്കത്തിലാണ് മിക്ക രാജ്യങ്ങളും.