ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ അക്രമസംഭവങ്ങളിലെ മുഖ്യ പ്രതിയായ പഞ്ചാബി നടൻ ദീപ് സിദ്ധു അറസ്റ്റിൽ. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങളായി അജ്ഞാത കേന്ദ്രത്തിലായിരുന്ന ഇയാളെ എവിടെനിന്നാണ് പിടികൂടിയതെന്ന് വ്യക്തമല്ല. അതേസമയം ഇയാളെ മുന്പേ കസ്റ്റഡിയിലെടുത്തിരുന്നതായി സൂചനയുണ്ട്. ഇന്നു രാവിലെയാണ് അറസ്റ്റ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. കർഷക സമരവുമായി ബന്ധപ്പെട്ട നിർണായക വഴിത്തിരിവാണ് ഇത്.
ചെങ്കോട്ടയിലുണ്ടായ സംഘർഷങ്ങളുടെ മുഖ്യ സൂത്രധാരൻ ഇയാളാണെന്ന് പോലീസ് കരുതുന്നു. ചെങ്കോട്ടയിൽ റിപ്പബ്ലിക് ദിനത്തിൽ ദേശിയ പതാക ഉയർത്തുന്നയിടത്ത് സിഖ് പതാക ഉയർത്തുകയും പരക്കേ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. പോലീസുകാർ അടക്കം ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സമാധാനപരമായി ട്രാക്ടർ റാലി നടത്താൻ ഉദ്ദേശിച്ചിരുന്ന കർഷകരെ പ്രകോപിപ്പിച്ച് റാലിയുടെ ദിശമാറ്റി ചെങ്കോട്ടയിൽ എത്തിച്ചത് ദീപ് സിദ്ധുവാണെന്നാണ് പോലീസ് കരുതുന്നത്.ഖാലിസ്ഥാൻ ഭീകരസംഘങ്ങൾ അടക്കമുള്ളവയുമായി ദീപ് സിദ്ധുവിന് അടുപ്പമുണ്ടെന്ന് സൂചനകളുണ്ട്.
ഇയാളെ ചോദ്യം ചെയ്താൽ ഇതു സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത വരുത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ.രണ്ടാഴ്ചയോളമായി ഒളിവിലായിരുന്ന സിദ്ധു ഫേസ്ബുക്ക് പേജ് വഴി നിരന്തരം വീഡിയോ സന്ദേശങ്ങൾ പങ്കുവച്ചിരുന്നു.
കർഷക സംഘടനകൾ നേരത്തേതന്നെ ഇയാളെ തള്ളിപ്പറഞ്ഞിരുന്നതാണ്.
സിംഘുവിൽ സമരക്കാർക്ക് ഒപ്പം നിന്നിരുന്ന ഇയാളെ നേരത്തേ അവിടെനിന്ന് കർഷകർ ഓടിക്കുകയും ചെയ്തു. ബിജെപി നേതാക്കളുമായി ഇയാൾക്കു ബന്ധമുള്ളതു കണക്കിലെടുത്ത് ഒത്തുകളി ആരോപണവും ഉയർന്നിരുന്നു.