പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ മരണത്തിനു പിന്നാലെ കുടുംബത്തില്‍ നടക്കുന്ന വിഴുപ്പലക്കല്‍ തുടരുന്നു. അച്ഛന് പാപ്പുവിനെതിരേ ജിഷയുടെ സഹോദരി ദീപയാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. അച്ഛനു സംരക്ഷണച്ചെലവായി 3,000 രൂപ മാസം തോറും നല്‍കണമെന്ന ആര്‍ഡിഒയുടെ ഉത്തരവിനെതിരേ ദീപ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ജിഷയും താനും കുട്ടികളായിരിക്കേ കുടുംബം ഉപേക്ഷിച്ചുപോയ അച്ഛന് കെ.വി. പാപ്പു ജിഷയുടെ മരണ ശേഷമാണ് അവകാശവാദം ഉന്നയിച്ചെത്തിയതെന്നും ഹര്‍ജിയില്‍ പറയുന്നു. അച്ഛനുമായി തങ്ങള്‍ക്കൊരു ബന്ധവുമില്ലെന്നും ദീപ പറയുന്നു.
വൃദ്ധ മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച നിയമമനുസരിച്ച് 10,000 രൂപ ആവശ്യപ്പെട്ടാണ് അച്ഛന് ആര്‍ഡിഒയ്ക്ക് പരാതി നല്‍കിയത്. പരാതി പരിഗണിച്ച് 3,000 രൂപ വീതം താന്‍ നല്‍കണമെന്ന് ആര്‍ഡിഒ ഉത്തരവിട്ടു. തന്റെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതാണ്. 11 വയസുള്ള മകനും താനും സ്വന്തമായി വീടില്ലാത്തതിനാല്‍ മാതാവിനൊപ്പമാണ് താമസമെന്നും ദീപ ഹര്‍ജിയില്‍ പറയുന്നു. 2016 ഏപ്രില്‍ 28 നു ജിഷയുടെ മരണശേഷം തനിക്ക് സര്‍ക്കാര്‍ റവന്യൂ വകുപ്പില്‍ ഓഫീസ് അസിസ്റ്റന്റായി ജോലി നല്കി. ചില ചാരിറ്റി സംഘടനകളില്‍നിന്നും സര്‍ക്കാരില്‍നിന്നും അമ്മ രാജേശ്വരിക്ക് പണം ലഭിച്ചിട്ടുണ്ട്. സര്‍ക്കാരില്‍നിന്നു പെന്‍ഷനും ലഭിക്കുന്നുണ്ട്. തങ്ങളെ സംരക്ഷിച്ചിട്ടില്ലാത്ത പിതാവ് ജിഷയുടെ മരണശേഷം അംബേദ്കര്‍ റിലീഫ് ഫണ്ട് നല്കിയ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയിട്ടുള്ളതായും ദീപ ആരോപിക്കുന്നു.
അടുത്തിടെ ജിഷയുടെ അമ്മ രാജേശ്വരിയും ദീപയും തമ്മില്‍ നടന്ന വാക്കേറ്റം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സര്‍ക്കാരില്‍നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പണം വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയേറ്റത്തിലേക്കു നയിച്ചത്. അതിനിടെ രാജേശ്വരി വീടിന്റെ നാലു മൂലകളിലും ഹാളിലും സിസിടിവി കാമറകള്‍ സ്ഥാപിക്കുകയും ചെയ്തു. 38,000 രൂപ ഇതിനായി ചെലവിട്ടെന്നാണ് സൂചന. ജിഷ കൊല്ലപ്പെടുംമുമ്പ് വീടിനു മുന്നില്‍ ചിലര്‍ സ്ഥിരമായി എത്തിയിരുന്നെന്നും ഇവര്‍ വീണ്ടും വീടിനു ചുറ്റും കറങ്ങുന്നതായും രാജേശ്വരി പരാതിപ്പെട്ടിരുന്നു. ഇവരെ നേരിടാനും സ്വരക്ഷയ്ക്കുംവേണ്ടിയാണ് താന്‍ ക്യാമറ സ്ഥാപിച്ചതെന്നാണ് രാജേശ്വരി പറയുന്നത്. ക്യാമറ സ്ഥാപിച്ച രാജേശ്വരിയുടെ നടപടിക്കെതിരേ ദീപ രംഗത്തെത്തിയിരുന്നു. ജിഷയുടെ മരണശേഷം വീടിനു പോലീസ് കാവലുണ്ട്. സമീപത്തെ സ്റ്റേഷനുകളിലെ വനിതാ പോലീസുകാരാണ് കാവലിനായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.