തിരുവനന്തപുരം: മൈതാനമധ്യത്തു നിന്ന് ഓടിവരുന്ന അമ്മയെ കണ്ടതും കുഞ്ഞു നിയുക്ത അച്ഛന്റെ തോളിൽനിന്നു ചാടിയിറങ്ങി. പിന്നെ ഗാലറിയുടെ കൈവരിക്കിടയിലൂടെ ലെഫ്റ്റ്…റൈറ്റ്…ലെഫ്റ്റ് അടിച്ചു പുറത്തു ചാടി. രണ്ടു വയസുള്ള കുസൃതിക്കുടുക്കയെ, കിതപ്പടങ്ങും മുൻപ് വാരിയെടുത്ത അമ്മയ്ക്ക് പക്ഷേ ഇന്നലെ കുഞ്ഞുമ്മ കിട്ടിയില്ല. പകരം ഒരു ബിഗ് സല്യൂട്ട്; അതും കലക്കൻ ഗൗരവത്തിൽ. അതു കണ്ട് അമ്മ ചിരിച്ചു ; ഒപ്പം നിന്നവരും. സ്നേഹച്ചിരിയടങ്ങും മുൻപ് കുഞ്ഞു നിയുക്ത ‘അമ്മപ്പോലീസി’ന്റെ തൊപ്പിയിൽ പിടിത്തമിട്ടു…
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരുടെ പാസിംഗ് ഔട്ട് ബാച്ചിലെ ഏക വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ വി.കെ. ദീപയും മകൾ നിയുക്തയുമായിരുന്നു ഇന്നലെ പൂജപ്പുര മൈതാനത്ത് നടന്ന പാസിംഗ് ഒൗട്ട് പരേഡ് കാണാനെത്തിയവരുടെ ശ്രദ്ധാകേന്ദ്രം. ദീപയേയും മകളേയും ചേർത്തു പിടിച്ച് ഭർത്താവ് സജിത്തും ആ സ്നേഹത്തിൽ പങ്കുചേർന്നു.
121 പ്രിസണ്‍ ഓഫീസർമാരിലെ ഏക വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറാണ് കണ്ണൂർ പാനൂരിൽ ചന്പാടന്റവിടെ വീട്ടിൽ സി.എം. സജിത്തിന്റെ ഭാര്യ ദീപ. അതുകൊണ്ടു തന്നെ പരേഡ് കഴിഞ്ഞ് ഇറങ്ങിയ ദീപയെ കാണാൻ ധാരാളം പേരെത്തി. ഒപ്പം പരിശീലനം പൂർത്തിയാക്കിയവർ ബന്ധുക്കളെക്കൂട്ടി വന്ന് ദീപയെ പരിചയപ്പെടുത്തി ഇതാണ് ഞങ്ങടെ കൂട്ടത്തിലെ ഏക പെണ്തരി’.
ചിലർക്ക് ദീപ പെങ്ങളാണ്. പരിശീലനം കണ്ണൂരിൽ വീടിനടുത്ത് ആയിരുന്നതുകൊണ്ടു കുടുംബത്തെ വിട്ടുനിൽക്കുന്നു എന്നൊരു ബുദ്ധിമുട്ടുണ്ടായില്ല എന്ന് ദീപ പറഞ്ഞു. മുൻപ് കണ്ടിട്ടുള്ളതു കൊണ്ടുതന്നെ അമ്മയെ കാക്കി അണിഞ്ഞു കണ്ടതിന്റെ അന്പരപ്പ് നിയുക്തയ്ക്കും ഉണ്ടായില്ല.
എന്റെ അച്ഛൻ കെ. അനന്തൻ സിആർപിഎഫ് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് കാക്കിയോട് ഒരു പ്രത്യേക ഇഷ്ടവും അടുപ്പവുമുണ്ട്. ട്രെയിനിംഗിനു വന്നപ്പോഴാണ് അറിയുന്നത് ഞാൻ മാത്രമാണ് ബാച്ചിലെ ഒരേയൊരു സ്ത്രീയെന്ന്. അപ്പോൾ കുറച്ച് ടെൻഷൻ ആയെങ്കിലും പിന്നെ അതൊക്കെ മാറി.
പരിശീലനത്തിന്റേതായ ബുദ്ധിമുട്ടികൾ ഉണ്ടായിരുന്നെങ്കിലും കൂടെയുണ്ടായിരുന്നവരെല്ലാം നല്ല സപ്പോർട്ട് ആയിരുന്നു.’ദീപ പറഞ്ഞു. സുഖമില്ലാതെ കിടപ്പിലായതിനാൽ ദീപയുടെ അമ്മ നളിനാക്ഷിക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. സജിത്ത് കണ്ണൂർ ജില്ലാ ബാങ്കിലെ ഉദ്യോഗസ്ഥനാണ്.
സജിത്തിന്റെ അമ്മ വനജ, സഹോദരി രമ്യ എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇന്നു വൈകുന്നേരം ദീപ കുടുംബസമേതം കണ്ണൂർക്കു മടങ്ങും.