ചെന്നൈ: അന്തരിച്ച ജയലളിതയുടെ തോഴി വി.എന്‍. ശശികലയ്ക്ക് അധികാരത്തിലേക്കുള്ള വഴിയില്‍ തടസമായി ദീപ. ജയലളിതയുടെ സഹോദരന് ജയകുമാറിന്റെ പുത്രി ദീപ ശശികലയ്ക്കെതിരേ ഉന്നയിച്ചിരിക്കുന്നത് അഴിമതിയാരോപണമാണ്. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതിയില്‍ ശശികലയ്ക്കെതിരേ കേസുണ്ട്.
ഇത്തരത്തിലൊരാളെ എങ്ങനെയാണ് ഉന്നത സ്ഥാനത്തേക്കു കൊണ്ടുവരുന്നതെന്നാണ് ദീപയുടെ ചോദ്യം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ മുന്‍പന്തിയിലേക്കു വരുണമെന്നും ദീപ ആവശ്യപ്പെട്ടു. തന്നെ ജയലളിതയില്‍നിന്ന് അകറ്റിയത് ശശികലയാണെന്ന മട്ടിലുള്ള അഭിപ്രായപ്രകടനവും അവര്‍ എന്‍ഡിടിവിയ്ക്കു നല്കിയ അഭിമുഖത്തില്‍ നടത്തി. ദീപയുടെ പിന്നില്‍ അണിനിരക്കാന്‍ പാര്ട്ടിക്കാര് ഏറെയില്ലെങ്കിലും അനുകൂല സാഹചര്യം വന്നാല്‍ പലരും ദീപയെ പിന്തുണയ്ക്കാന്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
പാര്‍ട്ടി നേതാക്കള്‍ ആരുംതന്നെ ദീപയെ അനുകൂലിച്ചു പരസ്യമായി രംഗത്തു വന്നിട്ടില്ലെങ്കിലും പലയിടത്തും ശശികലയുടെ പോസ്റ്ററുകള്‍ വലിച്ചുകീറിത്തുടങ്ങിയിട്ടുണ്ട്. ജയലളിതയുടെയും എംജിആറിന്റെയും ചിത്രത്തോടൊപ്പമുള്ള ശശികലയുടെ ചിത്രം മാത്രമാണ് വലിച്ചുകീറിയത്.കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ പ്രസീഡിയം ചെയര്മാന് മധുസൂദനന് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയെ നയിക്കണമെന്നു ശശികലയോട് അഭ്യര്‍ഥിച്ചിരുന്നു. ജയലളിതയുടെ പിന്‍ഗാമിയാകാന്‍ താന്‍ ഒരുക്കമാണെ ന്നാണു ദീപയുടെ പ്രഖ്യാപനം.
ജയലളിതയുമായി രൂപസാദൃശ്യമുള്ളതിനാല്‍ അവര്‍ക്കു ചെറുതല്ലാത്ത പിന്തുണയുണ്ട്. ശശികലയെ എതിര്‍ക്കുന്ന ഒരു വിഭാഗം നേതാക്കളാണു ദീപയുടെ പ്രഖ്യാപനത്തിനു പിന്നിലെന്നാണൂ സൂചന. എങ്കിലും എഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെല്ലാം ഇപ്പോള്‍ ശശികലയെയാണു പിന്തുണയ്ക്കുന്നത്. പ്രസീഡിയം ചെയര്മാന് മധുസൂദനനു പുറമേ മുന്‍മന്ത്രി കെ.എ. ശെങ്കോട്ടയ്യന്‍, ഗോകുല ഇന്ദിര, വളര്‍മതി, ചെന്നൈ മുന്‍ മേയര്‍ സൈദൈ ദുരൈസ്വാമി തുടങ്ങിയവരെല്ലാം ശശികലയെ പിന്താങ്ങുന്നു. ഇപ്പോള്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും.
ചിന്നമ്മയ്ക്കു (ശശികല) മാത്രമേ പാര്‍ട്ടിയെ നയിക്കാനാവൂ എന്നു മുഖ്യമന്ത്രി പറയുന്നു. ജയലളിത പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം അവര്‍ക്കൊപ്പം ശശികല ഉറച്ചുനിന്നു. 33 വര്‍ഷമായി ജയലളിതയ്ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശശികലയ്ക്കു മുന്‍ മുഖ്യമന്ത്രിയുടെ എല്ലാ ഗുണങ്ങളും ആര്‍ജിക്കാനായെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാനുള്ള ശശികലയുടെ ശ്രമം ജനാധിപത്യവിരുദ്ധമാണെന്നാണു ദീപയുടെ ആരോപണം.
ജയയുടെ ഏക സഹോദരനായ ജയകുമാറിന്റെ മകളാണു ദീപ. അധികാരം പിടിക്കാനുള്ള ശശികലയുടെ ശ്രമങ്ങളെ ജനങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ദീപ പറയുന്നു. ഒരുവിഭാഗം നേതാക്കളുടെ പിന്തുണ ദീപയ്ക്ക് ഉണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ശശികല ജനറല്‍ സെക്രട്ടറിയാകുമെന്ന വാര്‍ത്ത പരന്നതോടെ ഏതാനും നേതാക്കള്‍ പ്രതിഷേധവുമായി പോയസ് ഗാര്‍ഡനിലെത്തിയിരുന്നു.