പി. പ്രശാന്ത്
പേരൂര്‍ക്കട: മനുഷ്യമനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച ഒരു അരുംകൊല നടന്നിട്ട് വരുന്ന ചൊവ്വാഴ്ച ഒരുവര്‍ഷം തികയുന്നു. കഴിഞ്ഞ 2017 ഡിസംബര്‍ 25നാണ് അമ്പലമുക്ക് മണ്ണടി ലെയിന്‍ സ്വദേശി ദീപ (51) എന്ന വീട്ടമ്മ ദാരുണമായി കൊലചെയ്യപ്പെട്ടത്. തിരുവനന്തപുരത്ത് എല്‍.ഐ.സി ഏജന്റായിരുന്നു ദീപ.
ഇരുനില വീടിന്റെ പിറകുവശത്തായി കത്തിക്കരിഞ്ഞ നിലയിലാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കുറച്ച് എല്ലിന്‍കഷണങ്ങളും ചാരവുമല്ലാതെ സ്ഥലത്തെത്തിയ പോലീസിന് മറ്റൊന്നും കണ്ടെത്താനായിരുന്നില്ല. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ സംശയം ദീപയുടെ മകനിലേക്കാണ് വിരല്‍ ചൂണ്ടിയത്.
മകന്റെ പെരുമാറ്റത്തിലുണ്ടായ വൈരുദ്ധ്യമാണ് പോലീസിന്റെ സംശയം ഇയാളിലേക്ക് എത്തിച്ചത്. പ്രവാസിമലയാളിയായ അശോക് ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പമാണ് മണ്ണടി ലെയിനിലെ വീട്ടില്‍ താമസിച്ചു വന്നിരുന്നത്. മാതാവിനെക്കുറിച്ചുള്ള സംശയങ്ങളും തന്റെ ആവശ്യത്തിനായി പണം നല്കാത്തതുകൊണ്ട് പെട്ടെന്നുണ്ടായ പ്രകോപനവുമാണ് കൊലപാതകത്തിലേക്ക് തന്നെ നയിച്ചതെന്ന വാദമായിരുന്നു അറസ്റ്റിലായ മകന് പറയാനുണ്ടായിരുന്നത്.
വര്‍ഷങ്ങളായി മാതാവിനോടുണ്ടായിരുന്ന പകയും വിദ്വേഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മാതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയശേഷം സംഭവം പുറത്തറിയാതിരിക്കാന്‍ പുറത്തുകൊണ്ടുപോയി കത്തിക്കുകയായിരുന്നു. ദീപയുടെ മരണശേഷവും മകന് ശാന്തനായിരുന്നു.താന്‍ ഒരു അരുംകൊല നടത്തിയെന്ന ചിന്തയൊന്നും അയാള്‍ക്കുണ്ടായിരുന്നില്ല. ദീപയെ കാണാതായതോടെ നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മകന് എല്ലാ വിവരങ്ങളും തുറന്നു പറയേണ്ടതായി വന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് നന്തന്‍കോട്ട് നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ഓര്‍മകള്‍ മാഞ്ഞുവരുന്നതിനിടെയാണ് മനുഷ്യമനസാക്ഷയെ മരവിപ്പിച്ച അരുംകൊല അമ്പലമുക്കില്‍ ഉണ്ടായത്. പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നേറിയെങ്കിലും ദീപയുടെ മരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും നല്കാന് പരിസരവാസികള്‍ ആരും തയാറായിരുന്നില്ല.
സാഹചര്യത്തെളിവുകളുമായാണ് പോലീസ് മുന്നോട്ടുപോയതും വിശദമായ അന്വേഷണത്തിനൊടുവില്‍ മകന് അറസ്റ്റിലായതും ഒടുവില്‍ റിമാന്‍ഡിലായതും. അരുംകൊലയ്ക്ക് 1 വര്‍ഷം തികയുമ്പോള്‍ അന്നത്തെ ഞെട്ടലില്‍നിന്ന് ഇന്നും പരിസരവാസികള്‍ മുക്തരായിട്ടില്ല. വീട്ടില്‍ അമ്മയും മകനും തമ്മില്‍ വഴക്കുണ്ടാകുമായിരുന്നുവെങ്കിലും ഇത്തരമൊരു കൊലപാതകം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
പുലര്‍ച്ചെ വീട്ടില്‍ പോലീസ് എത്തിയതോടെയാണ് ചിലര്‍ വിവരങ്ങള്‍ അറിയുന്നത്. പലരും മൂക്കത്തു വിരല്‍വച്ചുപോയി. പരിസരവാസികളുമായി വീട്ടുകാര്‍ക്ക് അധികം അടുപ്പമുണ്ടായിരുന്നില്ലെങ്കിലും ദീപ എല്ലാപേരോടും അടുത്തിടപഴകിയിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും
വീട്ടമ്മയുടെ മരണം സംബന്ധിച്ച ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നു പേരൂര്‍ക്കട സി.ഐ സ്റ്റ്യുവര്‍ട്ട് കീലര്‍ പറഞ്ഞു. ദാരുണമായ കൊലപാതകത്തില്‍ സാഹചര്യത്തെളിവുകളാണ് പോലീസിന് ഏറെ സഹായകമായത്. തെളിവുകള്‍ പരമാവധി ശേഖരിച്ചു കഴിഞ്ഞു.
അടുത്തവര്‍ഷം ഫെബ്രുവരിക്കുമുമ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പഴുതടച്ചുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കാന്‍ പോകുന്നത്. കൊലപാതകം സംബന്ധിച്ച് ചില സാങ്കേതിക വശങ്ങള് മാത്രമേ ഇനി പരിഗണിക്കാനുള്ളൂ. അതുകൂടി പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കുറ്റപത്രസമര്‍പ്പണം ഉണ്ടാകുമെന്നു സി.ഐ വ്യക്തമാക്കി.