ചെന്നൈ: മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഡിഎംകെ നേതാവുമായിരുന്ന അന്തരിച്ച ജയലളിതയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കാനിരിക്കുന്ന സിനിമയ്ക്കെതിരെ ജയലളിതയയുടെ കുടുംബാംഗം.
തങ്ങളുടെ അംഗീകാരമില്ലാതെ സിനിമ നിർമിക്കുന്നതിൽനിന്നും തടയണമെന്ന് ആവശ്യപ്പെട്ട് ജയലളിതയുടെ സഹോദരന്റെ മകളായ ദീപ ജയകുമാർ കോടതിയെ സമീപിച്ചു. മദ്രാസ് ഹൈക്കോടതിയിലാണ് ദീപ ഹർജി നൽകിയിരിക്കുന്നത്. എ.എൽ വിജയ്, വിഷ്ണുവർധൻ, ഗൗതം മേനോൻ എന്നിവർക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്.
ജയലളിതയുടെ ജീവിതം സിനിമയാക്കുമ്പോള്‍ അതില്‍ കുടുംബാംഗങ്ങളെ പറ്റിയും പരാമര്‍ശിക്കപ്പെടേണ്ടി വരുമെന്നും അത് തങ്ങളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ദീപയുടെ ആരോപണം. ജയലളിതയുടെ ജീവിതം പ്രമേയമാക്കി സംവിധായകന് എ.എല്‍ വിജയ് ഒരുക്കുന്ന സിനിമയാണ് തലൈവി.
ബോളിവുഡ് നടി കങ്കണയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബഹുഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയാണ് പുതിയ വിവാദം. തമിഴില്‍ തലൈവി എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് ജയ എന്നാണു പേരു നല്‍കിയിരിക്കുന്നത്.