കോട്ടയം: യുവ കവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തിൽ അധ്യാപിക ദീപാ നിശാന്ത് മാപ്പ് പറയണമെന്ന് എഴുത്തുകാരന് എൻ.എസ് മാധവൻ. “കണകുണ പറയാതെ ദീപ നിഷാന്ത് കലേഷിനോട് മാപ്പു പറയണം’ എന്നായിരുന്നു എൻ.എസ് മാധവന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് ദീപ മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
കലേഷിന്റെ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/നീ എന്ന കവിതയാണ് കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിന്റേതെന്ന പേരില്‍ ഫോട്ടോ സഹിതം എകെപിസിടിഎയുടെ മാഗസിനില്‍ അടിച്ചു വന്നത്. 2011ല്‍ എഴുതിയ അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍/ നീ എന്ന കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപാ നിഷാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു.
ഇക്കാര്യത്തിൽ അവർ കുറ്റസമ്മതം നടത്തുകയും ചെയ്തു. കലേഷിന്റെ കവിത മോഷ്ടിച്ചതല്ലെന്നും മറ്റൊരാൾ തന്നത് തന്റെ പേരിൽ പ്രസിദ്ധീകരണത്തിന് നൽകുകയായിരുന്നെന്നുമാണ് ദീപയുടെ വിശദീകരണം.