തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ കേരള വര്‍മ്മ കോളജിലെ അദ്ധ്യാപികയായ ദീപ നിശാന്തിന്റെ പണി തെറിച്ചേക്കും. ദീപയെ രക്ഷിക്കാനായി പ്രിന്‍സിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചുവെങ്കിലും അത് ഏറ്റില്ല. യുജിസി ദീപ നിശാന്തില് നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയും ഉണ്ടാകും. കവിതാ മോഷണ വിവാദം അദ്ധ്യാപക സമൂഹത്തിന് ആകെ ചീത്തപ്പേരായെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്.
കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് യുജിസിയെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആരില്‍ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നേരത്തെ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വയം നടപടികള്‍ എടുക്കാമായിരുന്നിട്ടും ദീപയെ രക്ഷിക്കാനുള്ള നടപടികളാണ് പ്രിന്‍സിപ്പള്‍ കൈക്കൊണ്ടത്.യുജിസി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും പ്രിന്‍സിപ്പല്‍ അന്വേഷണം നടത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു.
കൊച്ചിന് ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോളേജായതിനാല്‍ ബോര്‍ഡിന്റെ അഭിപ്രായവും, ബോര്‍ഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ബോര്‍ഡിന് ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് (എ.കെ.പി.സി.ടി.എ) നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദീപാ നിശാന്തിനോടു ബോര്‍ഡ് വിശദീകരണം ചോദിക്കുകയും തുടര്‍ന്നു കോളേജിന്റെ ഫൈന്‍ ആര്‍ട്സ് ഉപദേശക സ്ഥാനത്തു നിന്നു അദ്ധ്യാപികയെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോളേജിന് പരാതി ലഭിച്ചില്ലെന്ന വിചിത്ര ന്യായമാണ് പ്രിന്‍സിപ്പല്‍ നടത്തുന്നത്.
കോളേജ് സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പ്രിന്‍സിപ്പല്‍ എല്‍. ഈശ്വരി റിപ്പോര്‍ട്ട് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും വിശദീകരണം ശേഖരിച്ചു ക്രോഡീകരിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു.അദ്ധ്യാപക സംഘടനയായ ഓള് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജേണലില്‍ ദീപ നിശാന്ത് പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്. യുവ കവി എസ് കലേഷിന്റെ ‘ അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാന്‍/നീ ‘ എന്ന കവിതയാണ് ചില്ലറ വ്യത്യാസങ്ങളോടെ ദീപാ നിശാന്ത് പ്രസിദ്ധീകരിച്ചത്.
സംഭവം വിവാദമായതോടെ തന്റെ തന്നെ കവിതയാണെന്ന അവകാശവാദവുമായി ദീപ രംഗത്തെത്തിയിരുന്നു. പിന്നീട് എം ജെ ശ്രീചിത്രന് തന്റെ പേരില്‍ പ്രസിദ്ധീകരിക്കാന്‍ തന്നതാണെന്ന കുറ്റസമ്മതവും ദീപ നടത്തിയിരുന്നു. കവിത മോഷണ ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കോളജിന്റെ അന്തസിനെ ബാധിച്ചതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. അദ്ധ്യാപക സമൂഹത്തിന് തന്നെ ഏറ്റ കളങ്കമായാണ് ദീപയുടെ നടപടി വിലയിരുത്തിയത്. അതിന് ശേഷം പലവിധ വിവാദങ്ങളില്‍ ദീപാ നിശാന്ത് പെട്ടു. ആലത്തൂരിലെ ലോക്സഭാ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ പരിഹസിച്ച ദീപ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തു. സംഘപരിവാറിനെതിരേ പടവാളെടുത്ത ദീപ മോഷ്ടാവായതോടെ സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളും ഇവരെ കൈയ്യൊഴിഞ്ഞു. യുജിസി നേരിട്ട് വിശദീകരണം തേടാന്‍ തീരുമാനിച്ചതോടെ ദീപ അകപ്പെട്ടിരിക്കുന്നത് വന്‍ പ്രതിസന്ധിയിലാണ്.