കേരള വര്‍മ കോളജില്‍ എസ്എഫ്ഐ വച്ച രണ്ട് ഫള്ക്സ് ബോര്‍ഡുകള്‍ സിപിഎമ്മിന് എട്ടിന്റെ പണിയാവുകയാണ്. ഹിന്ദു വിശ്വാസങ്ങളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തരത്തിലാണ് ഫ്ളെക്സ് ബോര്‍ഡുകള്‍ എന്ന ആരോപണവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയത്. ശബരിമല സ്ത്രീ പ്രവേശനത്തിന്റെ ചുവട് പിടിച്ചാണ് ഫ്ളെക്സ്. മുമ്പ് ശബരിമല വിഷയത്തില്‍ വിവാദപരമായ അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുള്ള കേരള വര്‍മ കോളജിലെ അധ്യാപിക ദീപാ നിശാന്തിന്റെ ഇന്‍ബോക്സില്‍ ഈ ഫ്ളെക്സിനെക്കുറിച്ചുള്ള അഭിപ്രായം തേടി നിരവധി ആളുകള്‍ കമന്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ദീപ നിശാന്ത്. ബോര്‍ഡ് വച്ച വിദ്യാര്‍ത്ഥിസംഘടനാ വിഷയത്തില്‍ തനിക്ക് അഭിപ്രായം പറയേണ്ട ബാധ്യതയില്ലെന്നാണ് ദീപ കുറിപ്പില്‍ പറയുന്നത്.
ദീപാ നിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കേരളവര്‍മ്മ കോളേജിലെ നിരവധി അധ്യാപകരില്‍ ഒരാളാണ് ഞാന്‍. ക്ലാസ്സില്‍ കൃത്യമായി പോകുകയും ക്ലാസ്സെടുക്കുകയും ചെയ്യുന്നുണ്ട്. അധ്യാപിക എന്ന നിലയ്ക്കുള്ള ചുമതലകള്‍ കഴിവതും ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്. എന്റെ മതം, വിശ്വാസം,രാഷ്ട്രീയം എന്നിവ ക്ലാസ്സ് റൂമിനകത്ത് ഡിസ്കസ് ചെയ്യാറില്ല. അതൊക്കെ എന്റെ വ്യക്തിപരമായ തെരഞ്ഞെടുപ്പാണ്. അത്തരം കാര്യങ്ങള്‍ പറയേണ്ടപ്പോള്‍ പറയേണ്ടിടത്ത് പറയാറുണ്ട്. അതിനിയും തുടരും.
കോളേജിലെ വിദ്യാര്‍ത്ഥിസംഘടനാവിഷയത്തില്‍ അഭിപ്രായം പറയേണ്ട ബാധ്യത എനിക്കില്ല. അതു കൊണ്ടു തന്നെ അത്തരം വിഷയങ്ങള്‍ ചോദിച്ചു കൊണ്ട് എന്റെ ഇന്‍ബോക്സിലേക്ക് ആരും വരേണ്ടതുമില്ല. ‘സൈബര്‍ പെര്‍വേര്‍ട്ടുകളുടെ’ ആവിഷ്കാരലീലകള്‍ തുടരുക. അതിന്റെ ലിങ്ക് എനിക്കാരും അയച്ചുതരേണ്ട കാര്യമില്ല. അത് കണ്ട് വേദനിക്കുന്ന ഘട്ടമൊക്കെ കഴിഞ്ഞു എന്നാണ് വിശ്വാസം.