അമ്മയെ പരിപാലിക്കുന്നില്ലെന്നാരോപിച്ച് യുവാവ് രണ്ടു ഭാര്യമാരെ കാറില്‍ പൂട്ടിയിട്ട് തീയിട്ടു കൊന്നു. രാജസ്ഥാനിലെ ജലോറിലാണ് സംഭവം. ദീപാ റാം എന്നയാളാണ് തന്റെ അമ്മയെ ഭാര്യമാര്‍ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞ് ഭാര്യമാരെ ക്രൂരമായി കൊലപ്പെടുത്തിയത്. ദാരിയ ദേവി(25), മാലി ദേവി(27) എന്നിവരാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്കിരയായത്. സംഭവത്തില്‍ ദീപാ റാമിനെ പോലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ ദീപറാം കുറ്റം സമ്മതിച്ചു. ഭാര്യമാരോടൊത്തുള്ള ജീവിതം സന്തോഷകരമായിരുന്നില്ലെന്നും അവര്‍ തന്റെ അമ്മയെ നന്നായി പരിപാലിക്കുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഭാര്യമാരെ കൊല്ലാന്‍ തീരുമാനിച്ചതെന്നും ദീപ് റാം മൊഴി നല്‍കിയിട്ടുണ്ട്.
പുതിയ ആഭരണം വാങ്ങി നല്‍കാമെന്ന് ഭാര്യമാരെ വിശ്വസിപ്പിച്ചതിനു ശേഷം കാറില്‍ യാത്രചെയ്യുന്നതിനിടെ ദീപാ റാമും ഭാര്യമാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പെട്ടെന്ന് വണ്ടി നിര്‍ത്തുകയും രണ്ടുപേരെയും കാറില്‍ പൂട്ടിയിട്ട് തീവെക്കുകയുമായിരുന്നു. സ്ഥലത്ത് ആളുകള്‍ എത്തുമ്പോഴേക്കും ഇരുവരും ഗുരുതരമായി പൊള്ളലേറ്റ് കൊല്ലപ്പെട്ടിരുന്നു.