ഇ.അനീഷ്
കോഴിക്കോട്: സിനിമയും മോഡലിംഗും ജീവിതത്തില്‍ ക്രെയ്സായി കൊണ്ടുനടന്ന പെണ്‍കുട്ടി ഇപ്പോള്‍ മലയാളികളുടെ മനസിലേക്കു കയറിക്കൂടുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ട്രെന്‍ഡായ ഹോം എന്ന സിനിമ മാറ്റി മറിക്കുന്നത് ദീപ എന്ന കോഴിക്കോട് സ്വദേശിയുടെ ജീവിതം കുടിയാണ്.
പിതാവ് തോമസ് മാത്യു എട്ടിയില്‍ കോഴിക്കോട് സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ് പ്രധാന അധ്യാപകനായിരുന്നു.
അമ്മ എല്‍സി വര്‍ഗീസ് ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ പ്രധാന അധ്യാപികയാണ്.വയനാട് വൈത്തിരി കണ്ണാട്ടുപറമ്പ് സ്വദേശിനിയാണ്.
25 വര്‍ഷത്തിലധികമായി കോവൂര്‍ പാലാഴി എംഎല്‍എ റോഡില്‍ ദേവഗിരി സിഎംഐ പബ്ലിക് സ്കൂളിന് സമീപത്താണ് താമസിക്കുന്നത്.
ശരിക്കും വീട്ടില്‍ നമ്മള് എങ്ങിനെ പെരുമാറുന്നോ. അതുതന്നെയായിരുന്നു ഹോം ഷൂട്ടിംഗ് വേളയിലെ അനുഭവങ്ങളെന്ന് ദീപ പറയുന്നു.
സ്വാഭാവികമായ അഭിനയത്തിന് അത് വലിയ രീതിയില്‍ ഗുണം ചെയ്തു. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും പിന്നെ പിടിച്ചുകയറി.
മോഡലിംഗിലും ചാനല്‍ ഷോകളിലും മികവു തെളിയിച്ചതോടെ പങ്കെടുത്ത ഓഡിഷനുകളില്‍ നിന്നെല്ലാം വിളിവന്നു.
ആഷിഖ് അബുവിന്റെ ‘വൈറസില്‍’ വെള്ളിത്തിരയിലെ ആദ്യ വേഷം. ജൂണിയര്‍ ഡോക്ടറുടെ വേഷത്തില്‍. തുടക്കക്കാരിയെന്നനിലയില് ആ റോള്‍ ഭംഗിയാക്കി ചെയ്തതോടെ ‘സ്ഥാനക്കയറ്റ’ത്തിന് തുടക്കമായി.
പിന്നീട് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ‘ട്രാന്‍സില്‍’ ക്വയര്‍ പാട്ടുകാരിയായെത്തി. കുഞ്ചാക്കോ ബോബന് നായകനായ മോഹന്‍ കുമാര്‍ ഫാന്സില് സൂപ്പര്‍താര കഥാപാത്രം ആകാഷ് മേനോന്റെ കാമുകിയുടെ വേഷം ശരിക്കും ‘ക്ലിക്കാ’യി.
ഇതോടെ വെള്ളിത്തിരയിലേക്ക് ഹോമിലൂടെ മാസ് എന്‍ട്രി. സിനിമാ മേഖലയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബം അങ്ങിനെ മലയാളികളുടെ ഇഷ്ട താരത്തെ സ്പോണ്സര് ചെയ്തവരായി.
മൂത്ത സഹോദരി ദീപ്തി കാനഡയില്‍ നഴ്സാണ്. അനിയന് ദീപക് മൈസൂരു ജെഎസ്എസ് കോളജില്‍ മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
തുടക്കത്തിലേ മകളുടെ മനസു കണ്ടറിഞ്ഞ് ഇഷ്ട മേഖലയിലേക്കു വിടുകയായിരുന്നു മാതാപിതാക്കള്‍. അധ്യാപക കുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ ആ അച്ചടക്കം സിനിമാ മേഖലയിലും ഇവര്‍ക്ക് മുതല്‍കൂട്ടായി.
മോണോ ആക്ടിലും ദീപ കഴിവ് തെളിയിച്ചിരുന്നു. അച്ഛന് തോമസ് മാത്യു നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ കലാമണ്ഡലം സരസ്വതി ടീച്ചറുടെ കീഴില്‍ ചാലപ്പുറത്തെ നൃത്യാലയയില്‍ നൃത്തം പഠിച്ചുവരികയായിരുന്നു ദീപ.
സെന്റ് ജോസഫ്സ് ആഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്.
പ്ലസ്ടുവിന് ദേവഗിരി സാവിയോ എച്ച്എസ്എസില്‍ ചേര്‍ന്നു. ബിഎംഎച്ച് നഴ്സിംഗ് കോളജില്‍ നിന്നും ഫസ്റ്റ് ക്ളാസോടെ പാസായ ദീപ കോളജില്‍ പഠിക്കുമ്പോള്‍ തന്നെ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത് സംസ്ഥാനതലത്തില്‍ ഉള്‍പ്പെടെ സമ്മാനം നേടി.
2018-ല്‍ ആലുക്കാസും ഫെഡറല്‍ ബാങ്കും ചേര്‍ന്ന് സംഘടിപ്പിച്ച ആയിരം പേര് പങ്കെടുത്ത മിസ് മില്ലേനിയം പരിപാടിയില്‍ ആദ്യ പത്തുപേരില്‍ ഒരാളായി.
കരിക്ക് ഫ്ളിക്കിലെ പ്രകടനം എല്ലാ മേഖലയില്‍ നിന്നും അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. പിന്നീട് മിസ് സൗത്ത് ഇന്ത്യയുടെ റണ്ണറപ്പായതോടെ ദീപയുടെ വഴി ഇതാണെന്നു കൂരാച്ചുണ്ട് കല്ലാനോട് സ്വദേശിയായ തോമസ് മാത്യു തിരിച്ചറിഞ്ഞു.
2019-ല്മിസ് സൗത്ത് ഇന്ത്യ മല്‍സരത്തില്‍ ദി ബെസ്റ്റ് സ്മൈലിംഗ്, ബെസ്റ്റ് ഫോട്ടോജെനിക് ഉള്‍പ്പെടെ മൂന്ന് പുരസ്കാരങ്ങളാണ് സെക്കന്‍ഡ് റണ്ണറപ്പായ ദീപയ്ക്കു ലഭിച്ചത്.
മുന്നു പുരസ്കാരങ്ങള്‍ ഇത്തരം വേദികളില്‍ ലഭിക്കുന്നതു തന്നെ അപൂര്‍വമാണ്.
നിരവധി പരസ്യ ചിത്രങ്ങളിലും ദീപ അഭിനയിച്ചിട്ടുണ്ട്. ഹോം സിനിമയിലെ ഇന്ദ്രന്‍സ് ചേട്ടന് കഥാപാത്രം എങ്ങനെയാണോ അതുതന്നെയാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ ജീവിതത്തിലും. അത്രമാത്രം സിംപിളാണ് അദ്ദേഹം-ദീപ പറയുന്നു.
നാല്പത് ദിവസത്തോളം ഉണ്ടായ ഷൂട്ടിംഗ് അനുഭവത്തില്‍ ഒരുപാട് കാര്യം മനസ്സിലാക്കാന്‍ പറ്റി.അതു തന്നെയാണ് ജീവിതത്തില്‍ എറ്റവും വലിയ നേട്ടവും.
അമ്മ എല്‍സിയുടെ സഹോദരന്റെ മകന് അല്‍ഫോണ്‍സ് കെ. ജോസഫും ഹോമില്‍ ഒരുകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.