സ്വന്തം ലേഖകൻ
തിരുവനന്തപുരം: എംജി സർവകലാശാലയിൽ നിരാഹാര സമരം നടത്തുന്ന ദീപ പി. മോഹനന് നീതി ഉറപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
വിദ്യാർഥിയുടെ പ്രശ്നം പരിഹരിക്കാൻ സർവകലാശാല നടപടിയുണ്ടാക്കാൻ സർക്കാർ ശ്രമിക്കും. ദീപയുടെ ആരോഗ്യനിലയിൽ സർക്കാരിനു ഉത്കണ്ഠയുണ്ടെന്നും ഫേസ്ബുക്കിലിട്ട പോസ്റ്റിൽ മന്ത്രി ആർ. ബിന്ദു വിശദമാക്കി.
ഗവേഷണം പൂർത്തിയാക്കാൻ
ദീപയ്ക്ക് ഒരു വിധ മാനസിക പ്രയാസത്തിനോ സാങ്കേതിക തടസങ്ങൾക്കോ ഇടവരുത്താതെ ഗവേഷണം പൂർത്തിയാക്കാൻ അവസരമൊരുക്കാമെന്നും അതിനുവേണ്ട ലൈബ്രറി- ലാബ്- ഹോസ്റ്റൽ സംവിധാനങ്ങളുൾപ്പെടെ എല്ലാ പശ്ചാത്തല സൗകര്യങ്ങളും നൽകാമെന്നും താൻ തന്നെ ഗൈഡായി പ്രവർത്തിക്കാമെന്നും വൈസ് ചാൻസലർ ഉറപ്പുകൊടുത്തിട്ടുണ്ട്.
എന്നാൽ, ആരോപണ വിധേയനായ അധ്യാപകനെ മാറ്റി നിർത്തണമെന്ന ആവശ്യമാണ് ദീപ മുന്നോട്ടു വെച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ സർവകലാശാല ഉന്നയിക്കുന്ന സാങ്കേതിക തടസങ്ങളിൽ വിശദീകരണം തേടിയതായും മന്ത്രി പറയുന്നു.
ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്തി പരാതി അന്വേഷിക്കാൻ എന്താണ് തടസമെന്ന് ആരാഞ്ഞിട്ടുണ്ട്.
ഇക്കാര്യത്തിൽ സാങ്കേതിക തടസമുണ്ടെങ്കിൽ അതിനാധാരമായ രേഖകൾ എന്തെല്ലാമാണെന്ന് അറിയിക്കാനും സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ നടപടി നീണ്ടാൽ അധ്യാപകനോട് മാറിനിൽക്കാൻ ആവശ്യപ്പെടാൻ സർവകലാശാലാ അധികൃതർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.