കോട്ടയം: ചർച്ചയ്ക്കെത്താതെ കോട്ടയം കളക്ടർ അവഹേളിച്ചെന്ന് എംജി സർവകാലശാലയിലെ ജാതി വിവേചനത്തിനെതിരെ സമരം ചെയ്യുന്ന ഗവേഷക വിദ്യാർഥി ദീപ പി. മോഹനൻ. ജീവൻ അപകടത്തിലാണെന്ന് അറിയിച്ചിട്ടു പോലും കളക്ടർ തിരിഞ്ഞു നോക്കിയില്ല.
സർവകലാശാലയിൽ നേരിട്ടെത്തി ചർച്ച നടത്താമെന്ന തഹസീൽദാരുടെ ഉറപ്പ് പാലിച്ചില്ലെന്നും ദീപ ആരോപിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ദീപയുടെ ആരോപണം.കോട്ടയം കളക്ടറുടെ സമീപനം നിരുത്തരവാദിത്തപരവും അവഹേളിക്കുന്ന തരത്തിലുമാണെന്ന് ദീപ പറയുന്നു.
ആരോഗ്യസ്ഥിതി വഷളായതിനെതുടർന്ന് മെഡിക്കൽ സഹായം സ്വീകരിച്ചത് കളക്ടർ നേരിട്ടെത്തി വൈസ് ചാൻസിലറുമായി ചർച്ച നടത്തി ജാതി വിവേചനത്തിന് പരിഹാരം കാണുമെന്ന തഹസീൽദാരുടെ ഉറപ്പിന്മേലാണ്.
എന്നാൽ പിറ്റേന്ന് കളക്ടർ സർവകലാശാലയിൽ എത്തിയില്ല. മാത്രമല്ല രേഖാമൂലം പരാതി നൽകിയാൽ മാത്രമേ പ്രശ്നത്തിൽ ഇടപെടൂ എന്ന് ഒരു മാധ്യമ സുഹൃത്ത് വഴി അറിയിക്കുകയും ചെയ്തു.
അങ്ങനെ താൻ ഒപ്പിട്ട പരാതി ഡ്രാഫ്റ്റ് ചെയ്ത് സ്കാൻ ചെയ്ത് ഇ മെയിൽ ചെയ്തു. എന്നിട്ടും കളക്ടർ സർവകലാശാലയിൽ എത്തിയില്ല. തുടർന്ന് തന്നോട് കളക്ട്രേറ്റിലേക്ക് ചർച്ചക്ക് എത്താൻ ആവശ്യപ്പെടുകയായിരുന്നു.
കോട്ടയം വരെ യാത്ര ചെയ്തു പോകാൻ സാധിക്കാത്തത് കൊണ്ടാണ് ചർച്ചക്ക് പോകാതിരുന്നത്. ജീവൻ അപകടത്തിലാണ് എന്ന് അങ്ങോട്ട് അറിയിച്ചിട്ടു പോലും കളക്ടർ തിരിഞ്ഞു നോക്കിയിട്ടില്ല. വെള്ളിയാഴ്ച കളക്ട്രേറ്റിൽ നടന്നത് ഏകപക്ഷീയ ചർച്ചയാണെന്നും ദീപ ആരോപിക്കുന്നു.