വടക്കാഞ്ചേരി: തെരുവ് നായ്ക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കുന്ന പുന്നംപറന്പ് സ്വദേശിനിയും അധ്യാപികയുമായ വട്ടേക്കാട്ട് വീട്ടിൽ ദീപ നാടിന് മാതൃകയാകുന്നു.
ദീപക്ക് ഏറ്റവും പ്രിയപ്പെട്ട പിങ്കി എന്ന് വിളിച്ചിരുന്ന ഒരു പട്ടിക്കുട്ടിയുടെ വേർപാടോടുകൂടി അവൾക്ക് വീട്ടുമുറ്റത്ത് ഒരു കല്ലറ പണിയുകയും, തെരുവോരത്ത് അലഞ്ഞു നടക്കുന്നതും ഉപേക്ഷിക്കപ്പെടുന്നതുമായ ഒരുപാട് നായക്കുട്ടികൾക്ക് തുണയാവുകയുമായി രുന്നു.
കോവിഡ് കാലമായതിനാൽ സ്കൂളുകളിൽ ക്ലാസുകൾ ഇല്ലാത്തതും, ഓണ്ലൈൻ പഠനമായതുകൊണ്ടും ധാരാളം സമയം കിട്ടുന്നുണ്ട്. മുറിവേറ്റതും, ഒറ്റപ്പെട്ടതും, വീട്ടുകാർ ഉപേക്ഷിക്കപ്പെട്ടതുമായ നിരവധി നായകൾക്ക് ആശ്രയമായി.
ഇപ്പോഴും തെരുവോരങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകൾക്ക് ദിവസവും മൂന്ന് നേരവും ഭക്ഷണം എത്തിക്കാൻ തയാറാകുന്നു. മാത്രമല്ല മുറിവേറ്റു കിടക്കുന്ന ഒരുപാട് നായകളെ വീട്ടിലേക്ക് എത്തിച്ച് ആവശ്യമായ ചികിത്സ നൽകുകയും നൽകുന്നുണ്ട്.
സ്വന്തം മക്കളെ നോക്കുന്നതു പോലെതന്നെയാണ് അവയ്ക്ക് സംരക്ഷണം ഒരുക്കുന്നതെന്ന് ദീപ പറഞ്ഞു. താൻ വളർത്തുന്ന നായ്ക്കളിൽ ഏറെയും പെണ്ഇനമാണ്. ഓരോന്നിനും പേരുകളും നൽകിയിട്ടുണ്ട്. വളരെ ചെറുപ്പം മുതൽ നായ്ക്കളോട് ഏറെ ഇഷ്ടമായിരുന്നു.
ചെറുപ്രായത്തിൽ സ്വന്തമായി ഒരു വീടില്ലാത്തതും, മറ്റു സാന്പത്തികമായി പിന്നിലായതു കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇപ്പോൾ വീടും, സൗകര്യവും ഉള്ളതുകൊണ്ട് ഇതിന് സാധിക്കുന്നു.
മറ്റു വീടുകളിൽ വളർത്തുന്ന നായ്ക്കളെ അവർക്ക് വേണ്ടെന്ന് വരികയാണെങ്കിൽ നിയമപരമായിതന്നെ അതിനെ ഏറ്റെടുക്കാനും നായ്ക്കളെ ആവശ്യമുള്ളവർക്ക് സൗജന്യമായി നൽകാനും ദീപ തയാറാണ്.
സമീപത്തെ മത്സ്യ-മാംസകട ഉടമകളുടെ സഹായം തനിക്ക്പിന്തുണയായിട്ടുണ്ട്.നായ്ക്കൾക്ക് രോഗങ്ങൾ പിടിപ്പെടുന്പോൾ വടക്കാഞ്ചേരി സ്വദേശിയും, വെറ്ററിനറി പോളിക്ലിനിക്ക് സീനിയർ സർജനുമായ ഡോ.വി.എം.ഹാരീസിന്റെ സഹായം ലഭിക്കാറുണ്ടെന്നും അധ്യാപികയായ ദീപ രാഷ്ട്രദീപികയോട് പറഞ്ഞു.