തിരുവനന്തപുരം: കെപിസിസിയുടെ വിശാലവയോഗത്തിനു മുന്നോടിയായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ചികിത്സാർഥം നാളെ അമേരിക്കയിലേക്കു തിരിക്കാനിരിക്കെയാണ് ഇന്നു കെപിസിസിയുടെ വിശാല യോഗം ചേരുന്നത്.
വി.ഡി.സതീശൻ, ബെന്നി ബഹനാൻ, കെ.സി.ജോസഫ് എന്നിവരുമായാണ് ദീപ ദാസ് മുൻഷി രാവിലെ കൂടിക്കാഴ്ച നടത്തിയത്. ജനുവരി 20 നു ശേഷം കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ കാസർഗോഡു നിന്ന് തിരുവനന്തപുരത്തേക്കുള്ള രാഷ്ട്രീയ പ്രചാരണ യാത്ര ആരംഭിക്കാനാണു തീരുമാനം. യാത്രയ്ക്കു മുന്നോടിയായി നടത്തുന്ന അമേരിക്കയിലെ ചികിത്സ രണ്ടാഴ്ച നീണ്ടു നിൽക്കുമെന്നാണ് അറിയുന്നത്. യാത്രയുടെ വിശദാംശങ്ങൾ സംബന്ധിച്ച ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യാത്രയിൽ ഒപ്പമുണ്ടാകാനാണു തീരുമാനം.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠയിൽ കോണ്ഗ്രസ് പ്രതിനിധികൾ പങ്കെടുക്കുന്നതിൽ ആശയക്കുഴപ്പം നിലനിൽക്കെ കെപിസിസി വിശാലയോഗത്തിലും ഇത് ചർച്ചയാകും.
ചടങ്ങിൽ പങ്കെടുക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നത് അഖിലേന്ത്യാ കോണ്ഗ്രസ് കമ്മിറ്റിയാണ്. എങ്കിലും തീരുമാനം കേരളത്തിലും രാഷ്ട്രീയ ചലനങ്ങളുണ്ടാക്കുമെന്നതിനാൽ കെപിസിസിയുടെ നിലപാട് കേന്ദ്രത്തെ അറിയിച്ചേക്കും.