കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയത്തിൽ കുടുങ്ങിയവരെ രക്ഷിക്കുവാൻ ആയിരങ്ങൾ ശ്രമിക്കുന്നതിനിടെ എല്ലാവരെയും അവഹേളിച്ച് ഫേസ്ബുക്കിൽ കമന്റ് പങ്കുവച്ച ലുലു ഗ്രൂപ്പിലെ ജീവനക്കാരനെ അധികൃതർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
ഇപ്പോഴിത സമാന സംഭവം വീണ്ടും ആവർത്തിച്ചിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ശബരിമലയിലെ സ്ത്രീ പ്രവേശന സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ വളരെ മോശമായി അഭിപ്രായം പങ്കുവച്ചയാളെയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ പുറത്താക്കിയത്.
റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായ ആലപ്പുഴ സ്വദേശി ദീപക് പവിത്രം എന്നയാളെയാണ് അധികൃതർ ജോലിയിൽ നിന്നും പുറത്താക്കിയത്. “ഇതൊരു സുവർണാവസരമാണ്. അയ്യപ്പൻ സ്വയം കഴിവ് തെളിയിക്കട്ടെ. കിളവികളെ വേണോ അതോ, നല്ല സൊയമ്പൻ പെമ്പിള്ളാരെ വേണോ? തീരുമാനം അയ്യപ്പന്’. എന്നായിരുന്നു ദീപക് പങ്കുവച്ച കുറിപ്പിലുണ്ടായിരുന്നത്.
ഈ കുറിപ്പിനെതിരെ പ്രതിഷേധവുമായി ആയിരക്കണക്കിനാളുകളായിരുന്നു രംഗത്തെത്തിയത്. മാത്രമല്ല ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെയും ഉടമ എം.എ. യൂസഫ് അലിയുടെയും ഫേസ്ബുക്ക് പേജിൽ ദീപക്കിനെതിരെ നടപടി ആവശ്യപ്പെട്ട് കമന്റുകളുടെ പൊങ്കാലയായിരുന്നു. തുടർന്നാണ് കമ്പനി ദീപക്കിനെതിരെ നടപടി സ്വീകരിച്ചത്.
ഗൾഫ് രാജ്യങ്ങളിലെ നിയമങ്ങൾക്ക് വിരുദ്ധമായി സാമൂഹ്യമാധ്യമങ്ങളിൽ കൂടി മതങ്ങൾക്കെതിരെയോ, വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ വ്യക്തമാക്കിയിട്ടുള്ളതാണ്.