മുംബൈ: പട്ടാള ഓഫീസറുടെ മകനായി പിറന്ന ദീപക് കോച്ചർ സംരംഭകപ്രിയനായിരുന്നു. പക്ഷേ, തുടങ്ങിയതൊന്നും വിജയമായില്ല. ദീപകും സഹോദരൻ രാജീവുംകൂടി തുടങ്ങിയ ക്രെഡൻഷ്യൽ ഫിനാൻസ് എന്ന ബാങ്കിതര ധനകാര്യസ്ഥാപനം 2002-03ൽ അടച്ചുപൂട്ടി.
പാപ്പർ ഹർജി നല്കി അനുകൂലവിധി നേടിയതിനാൽ അതിലേക്കു പണം മുടക്കിയവർക്കും അതിനു വായ്പ നല്കിയവർക്കും ഒന്നും കിട്ടിയില്ല. മഹാരാഷ്ട്രയിൽ ചെറുകിട വ്യവസായങ്ങൾക്കു ധനസഹായം നല്കുന്ന സർക്കാർ സ്ഥാപനമായ സികോമിനായിരുന്നു വലിയ നഷ്ടം. വേറേ ഗവൺമെന്റ് സ്ഥാപനങ്ങളടക്കം സികോമും നല്കിയ വായ്പയത്രയും എഴുതിത്തള്ളി.
മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയായിരുന്ന ശരദ് ഉപാസനിയുടെ മകളെയാണ് രാജീവ് വിവാഹം കഴിച്ചത്. ഈ ഉയർന്ന ബന്ധം പല കാര്യങ്ങൾക്കും തുണയായി. ദീപക് മുംബൈ യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദമെടുത്ത ശേഷമാണ് ജംനലാൽ ബജാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎയ്ക്കു ചേർന്നത്. അവിടെ സഹപാഠിയായിരുന്ന ചന്ദ അഡ്വാനിയെ ഇഷ്ടമായി, വിവാഹം കഴിച്ചു.
പൊതുമേഖലാ സ്ഥാപനമായിരുന്ന ഐസിഐസിഐ (ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ) 1984ലാണ് ചന്ദ അതിൽ മാനേജ്മെന്റ് ട്രെയിനിയായി ചേർന്നത്. മാനേജിംഗ് ഡയറക്ടർ കെ.വി. കാമത്തിന്റെ കീഴിൽ വളരെ വേഗം ചന്ദ നേട്ടങ്ങൾ കൈവരിച്ചു. ഇപ്പോൾ ആക്സിസ് ബാങ്ക് മേധാവിയായ ശിഖ ശർമ, ഒരു വെഞ്ചർ കാപ്പിറ്റൽ ഫണ്ട് നടത്തുന്ന കല്പന മോർപാരിയ എന്നിവരും ഒപ്പമുണ്ടായിരുന്നു.
പൊതുമേഖലയിലെ ദീർഘകാല വായ്പാ കന്പനിയായിരുന്ന ഐസിഐസിഐ പിന്നീട് സ്വയം സ്വകാര്യമേഖലാ പ്രസ്ഥാനമായി. പിന്നെ ഐസിഐസിഐ ബാങ്ക് ഉണ്ടാക്കി. ഒരു റിവേഴ്സ് ലയനത്തിലൂടെ മാതൃകന്പനി ഉപകന്പനിയിൽ ലയിച്ച് ഐസിഐസിഐ ബാങ്ക് എന്ന യൂണിവേഴ്സൽ ബാങ്ക് (ദീർഘകാല ടേം വായ്പകൂടി അനുവദിക്കുന്ന ബാങ്ക്) ആയി.
കാമത്ത് റിട്ടയർ ചെയ്തപ്പോൾ ചന്ദ കോച്ചറെ എംഡി ആക്കി. ശിഖ ശർമയെ ഇൻഷ്വറൻസ് വിഭാഗത്തിന്റെ മേധാവി ആക്കിയെങ്കിലും താമസിയാതെ ആക്സിസ് ബാങ്ക് മേധാവിയായി പോയി. കല്പന മുൻപേതന്നെ ബാങ്കിംഗ് വിട്ടിരുന്നു.
ഭർത്താവ് ദീപകിന്റെ ക്രെഡൻഷ്യൽ ഫിനാൻസ് പൂട്ടുന്ന സമയത്താണ് ചന്ദ ബാങ്ക് മേധാവിയാകുന്നത്. ഇതേ കാലത്താണ് ദീപക്കും സഹോദരനുംകൂടി സിംഗപ്പൂർ ആസ്ഥാനമായി അവിസ്റ്റ അഡ്വൈസറി എന്ന കൺസൾട്ടൻസി തുടങ്ങിയത്. ബാങ്ക് വായ്പകൾ പുതുക്കിക്കൊടുക്കുന്നതായിരുന്നു പ്രധാന ബിസിനസ്. കൂടുതലും ഐസിഐസിഐ ബാങ്കിലെ വായ്പകൾ പുതുക്കുന്നതിലാണ് അവിസ്റ്റ പ്രവർത്തിച്ചത്.
2011ൽ രാജ്യം പദ്മഭൂഷൺ നല്കി ചന്ദ കോച്ചറെ ആദരിച്ചു. അതിനു മൂന്നുവർഷം മുൻപാണ് ദീപക് കോച്ചറും വിഡിയോകോണിന്റെ വേണുഗോപാൽ ധൂതും ചേർന്ന് ന്യൂപവർ റിന്യൂവബിൾസ് തുടങ്ങിയത്. 2012 ആദ്യം വിഡിയോകോൺ ഗ്രൂപ്പ് ഐസിഐസിഐ ഉൾപ്പെട്ട കൺസോർഷ്യത്തിൽനിന്ന് 40,000 കോടി രൂപ വായ്പയെടുക്കുന്നു.
ഈ സമയത്ത് വേണുഗോപാൽ ധൂത് തന്റെവക സുപ്രീം എനർജി എന്ന കന്പനിയിൽനിന്ന് ന്യൂപവറിന് 64 കോടിരൂപ കൊടുക്കുന്നു. ഇതു വായ്പയാണെന്നും 2020ൽ തിരിച്ചുകൊടുക്കുമെന്നുമാണ് വാദം. താമസിയാതെ സുപ്രീമിനെ ന്യൂപവർ വാങ്ങി. ധൂത് കന്പനികളിൽനിന്നു മാറുകയും ചെയ്തു. ന്യൂപവർ സൗരോർജ പദ്ധതികൾ ലക്ഷ്യംകാണാതെ കന്പനി നഷ്ടത്തിലായി.
കൺസോർഷ്യത്തിന്റെ ഭാഗമായി ഐസിഐസിഐ ബാങ്ക് വീഡിയോകോണിനു നല്കിയത് 3250 കോടി. അതിൽ 2,870 കോടി രൂപ ഇപ്പോൾ നിഷ്ക്രിയ ആസ്തി എന്ന ഓമനപ്പേരിലുള്ള കിട്ടാക്കടമായി. 45,000ൽ പരം കോടി രൂപയുടെ കടക്കെണിയിൽ കുരുങ്ങി പാപ്പർ നടപടിയിലേക്കു നീങ്ങുന്ന വീഡിയോകോൺ ഗ്രൂപ്പിന് അതു തിരിച്ചുനല്കാനുള്ള ശേഷി പലരും സംശയിക്കുന്നു.
അവിസ്റ്റയിൽനിന്ന് ഇടക്കാലത്ത് ദീപക് കോച്ചർ പിന്മാറിയെങ്കിലും ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാർക്കായിരുന്നു ആ സ്ഥാപനത്തിന്റെ കൺസൾട്ടൻസിയുടെ കൂടുതൽ ഭാഗവും. സിംഗപ്പൂരിനു പോകാൻ വിമാനം കയറുന്നതിനു തൊട്ടുമുൻപാണ് രാജീവ് കോച്ചറെ പിടികൂടി സിബിഐയുടെ പക്കൽ ഏല്പിച്ചത്. പലദിവസങ്ങളായി രാജീവിനെ ചോദ്യംചെയ്തുവരികയാണ്.