അഗര്‍ത്തല: റിയോ ഒളിമ്പിക്സിൽ ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ക്ക് ഡിലിറ്റ്. അഗര്‍ത്തലയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി) ആണ് ദിപയ്ക്ക് ഡിലിറ്റ് ബിരുദം നല്‍കുന്നത്. ജിംനാസ്റ്റിക്സില്‍ ദിപ നല്കിയ സംഭവനകള്‍ കണക്കിലെടുത്താണ് ബിരുദം നല്‍കിയത്. ഈ വര്‍ഷം രാജ്യം ദിപയ്ക്കു പത്മശ്രീ നല്‍കിയിരുന്നു.
ഒളിമ്പിക്സില്‍ ആദ്യമായി ജിംനാസ്റ്റിക്സില്‍ യോഗ്യത നേടിയ ഇന്ത്യന്‍ താരമാണ് ദിപ കര്‍മാകര്‍. കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നടന്ന ഒളമ്പിക്സില്‍ ദീപ ഫൈനല്‍ റൗണ്ടിലേക്കു യോഗ്യത നേടിയിരുന്നു.
ഡിലിറ്റ് ബിരുദം ലഭിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വം വര്‍ധിച്ചെന്നും ദിപ പറഞ്ഞു. അടുത്ത ഒളിമ്പിക്സിൽ പങ്കെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ദിപ.