കോഴിക്കോട്: അന്ത്യകർമങ്ങൾ ചെയ്ത് ചിതയൊരുക്കി സംസ്കരിച്ചത് തന്റെ മകൻ അല്ലെന്ന് അറിഞ്ഞതിന്റെ ഞെട്ടലിലാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിന്റെ വീട്ടുകാർ.
ജൂൺ ഏഴിനാണ് മേപ്പയ്യൂർ കൂനംവെള്ളിക്കാവിലെ വടക്കേടത്തുകണ്ടി ദീപക്കിനെ (36) കാണാതായത്. മകൻ തിരിച്ചുവരുന്നതു കാത്ത് നെഞ്ചുരുകി കാത്തിരിക്കുന്നതിനിടെയാണ് ജൂലൈ 17-ന് കൊയിലാണ്ടി നന്തി കടപ്പുറത്ത് ഒരു മൃതദേഹം കണ്ടെത്തുന്നത്.
ബന്ധുക്കൾ മൃതദേഹം ദീപക്കിന്റെതാണെന്ന അറിവോടെയാണ് ജൂലൈ 19-നു ചിതയൊരുക്കി സംസ്കരിച്ചത്. മകന്റെ വിയോഗത്തോടു പൊരുത്തപ്പെട്ട് വരുമ്പോഴാണു ഡിഎൻഎ പരിശോധനാഫലം വന്നതും മൃതദേഹം ആളുമാറി സംസ്കരിച്ചതാണെന്ന് തിരിച്ചറിയുന്നതും.
ഇതാണു കുടുംബത്തെ വലച്ചത്.അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലിചെയ്യുകയായിരുന്ന ദീപക് കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് 2021 മാർച്ചിലാണു നാട്ടിൽ തിരിച്ചെത്തിയത്.
പിന്നീട് ഒരു തുണിക്കടയിൽ സുഹൃത്തുക്കൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു. വീസയുടെ ആവശ്യത്തിനായി എറണാകുളത്ത് പോകുന്നു എന്നു പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്.
മുമ്പൊരിക്കല് സുഹൃത്തിന്റെ കൈയിൽനിന്നു പണം വാങ്ങാൻ എന്നുപറഞ്ഞ് പോയ ദീപക് മൂന്നു ദിവസം കഴിഞ്ഞാണു വീട്ടിൽ തിരിച്ചെത്തിയത്. അതുപോലെ ആയിരിക്കും ഇതും എന്നാണു കുടുംബം കരുതിയത്.
വീസയുടെ ആവശ്യത്തിനായി മുമ്പും തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോയതിനാലും തുടക്കത്തിൽ സംശയമൊന്നും തോന്നിയില്ല, അതുകൊണ്ടാണു പരാതി നൽകാൻ വൈകിയതെന്ന് വീട്ടുകാർ പറയുന്നു.
കാണാതായ ദിവസം ഒരു ബന്ധുവിനെ വിളിച്ചപ്പോൾ ഫോണിൽ ചാർജില്ലെന്നും ഓഫായിപ്പോകും എന്നും പറഞ്ഞിരുന്നു. ഇതാണു ദീപക്കിന്റെ ഫോണിൽനിന്നും വന്ന അവസാനത്തെ കോൾ.
സുഹൃത്തുക്കളിൽനിന്നും പണം കിട്ടാനുണ്ടെന്ന് ദീപക് മറ്റ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദുരൂഹതയുള്ളതിനാൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് റൂറൽ എസ്പിക്കു പരാതി നൽകിയിട്ടുണ്ട്.