വൈക്കം: വൈക്കം വടയാർ പൊട്ടൻചിറയിൽ യുവതി രണ്ടു വയസുകാരി മകളുമായി ജീവനൊടുക്കിയതു വൈക്കത്തെ ശോകമൂകമാക്കി. വെള്ളിയാഴ്ച രാവിലെ കാണാതായ അമ്മയേയും കുഞ്ഞിനേയും ജീവനോടെ തിരിച്ചുകിട്ടണേയെന്ന പ്രാർഥനയിലായിരുന്നു തലയോലപ്പറന്പ്, മറവൻതുരുത്തു നിവാസികൾ.
ഇന്നലെ ഉച്ചയ്ക്ക് ഇളംകാവ് ദേവീക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരത്ത് യുവതിയുടെ മൃതദേഹം കണ്ടെന്ന വാർത്ത പരന്നതോടെ നാടൊന്നാകെ പൊട്ടൻചിറയിലേയ്ക്ക് പ്രവഹിക്കുകയായിരുന്നു.
യുവതിയുടെ ദേഹത്തോടു ചേർന്നു കെട്ടപ്പെട്ട നിലയിൽ കുരുന്നിന്റെ മൃതദേഹം കണ്ടതോടെ കണ്ടുനിന്ന സത്രീകളടക്കമുള്ളവരുടെ നിലവിളി ഉച്ചത്തിലായി. മരണപ്പെട്ട ദീപയും കുഞ്ഞും താമസിച്ചിരുന്ന ഭർതൃഗൃഹം സ്ഥിതി ചെയ്യുന്നത് വടയാർ പൊട്ടൻചിറയിൽ പുഴയോരത്താണ്.
മൂവാറ്റുപുഴയാറിന്റെ മറുകരയിൽ മറവൻതുരുത്തു ഇടവട്ടത്തായിരുന്നു ദീപയുടെ സ്വന്തം വീട്. ഒരു പുഴയ്ക്ക് ഇരുകരകളിലായി താമസിച്ചു വന്ന ഇവർ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. ഭർത്താവിന്റെ ചാറ്റിംഗിനെ ചൊല്ലിയുണ്ടായ കലഹം പിന്നീട് മർദനത്തിൽ കലാശിക്കുകയായിരുന്നു.
ദീപയും ദീപ്തിയും ഇരട്ടകളായിരുന്നു. ദീപയുടെ വേർപാടിൽ നെഞ്ചു പൊട്ടി കരയുന്ന ദീപ്തിയെ ആശ്വസിപ്പിക്കാനാവാതെ തേങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും. ശിവദാസന്റെ മൂന്നു പെണ്മക്കളിൽ ദിവ്യയാണ് മൂത്തയാൾ.