തലയോലപ്പറന്പ്: പോലീസുകാരന്റെ ഭാര്യ രണ്ടര വയസുള്ള മകളോടൊപ്പം ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനം മൂലമാണെന്ന് പരാതി. ആത്മഹത്യ ചെയ്ത ദീപ (30)യുടെ പിതാവ് മറവൻതുരുത്ത് ഇടവട്ടം രണ്ടുകണ്ടത്തിൽ ശിവനും ഭാര്യ രമണിയുമാണ് ആരോപണമുന്നയിച്ചത്.
മകളുടേയും പേരക്കുട്ടിയുടേയും മരണത്തിനു പിന്നിലെ ദുരൂഹത നീക്കുന്നതിനു ഫലപ്രദമായ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് വടയാർ ഇളംകാവ് ദേവീക്ഷേത്രത്തിനു സമീപം മുവാറ്റുപുഴയാറിൽ ഷാളുകൊണ്ട് കുഞ്ഞിനെ നെഞ്ചോടു ചേർത്തു കെട്ടിയ നിലയിൽ അമ്മയുടേയും കുഞ്ഞിനന്റേയും മൃതദേഹം കണ്ടെത്തുകയായിരുന്നു. ദീപയെയും രണ്ടര വയസുള്ള മകളെയും വെള്ളിയാഴ്ച രാവിലെയാണ് കാണാതായത്.
പോലീസുകാരനായ മകളുടെ ഭർത്താവ് അഭിജിത്ത് യുവതിയുമായി മൊബൈലിൽ ചാറ്റിംഗ് നടത്തുന്നത് കുറച്ചു കാലമായി മകളെ ഏറെ വിഷമിപ്പിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയും ഭർത്താവിന്റെ മൊബൈൽ ചാറ്റിംഗിനെക്കുറിച്ചു വഴക്കുണ്ടാകുകയും ദീപയ്ക്ക് ഭർത്താവിന്റെ കടുത്ത മർദ്ദനമേൽക്കുകയും ചെയ്തു. ഭർത്താവ് തന്റെയും മകളുടേയും ജീവിതത്തിലേയ്ക്ക് പൂർണമായി തിരിച്ചെത്തില്ലെന്ന ബോധ്യമാണ് മകളെയും കൂട്ടി ജീവനൊടുക്കാൻ ദീപയെ പ്രേരിപ്പിച്ചതെന്നും ദീപയുടെ മാതാപിതാക്കൾ പറയുന്നു.
ബി എസ്്സി നഴ്സായിരുന്ന ദീപ വിദേശത്ത് ജോലിയായിരുന്നു. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തിയിരുന്ന തനിക്ക് ഉത്തരവാദിത്തമുള്ള മകൻ നൽകുന്നത്ര പിൻബലമാണ് മകൾ ദീപ നൽകിയിരുന്നത്. താമസയോഗ്യമായ വീടു നിർമ്മിച്ചതിലും ഇരട്ട സഹോദരിയായ ദീപ്തിയുടെ വിവാഹം നടത്തിയ തുമൊക്കെ ദീപയുടെ കഠിനാധ്വാനത്തിൽ നിന്നു ലഭിച്ച പ്രതിഫലം കൊണ്ടായിരുന്നു.
മെയിൽ നഴ്സായിരുന്ന അഭിജിത്തുമായി പ്രണയത്തിലായി വിവാഹം കഴിക്കണമെന്ന ആഗ്രഹം ദീപ പ്രകടിപ്പിച്ചപ്പോൾ ഏറെ ആർഭാടത്തോടെയാണ് വിവാഹം നടത്തിയത്. പോലീസിൽ ജോലി ലഭിച്ചതോടെയാണ് അഭിജിത്തിൽ അടിമുടി മാറ്റം സംഭവിച്ചതെന്ന് ദീപയുടെ മാതാപിതാക്കളും സഹോദരങ്ങളായ ദീപ്തിയും ദിവ്യയും ആരോപിച്ചു.
മദ്യപിക്കുകയും ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും ചെയ്യുന്ന ഭർത്താവ് യുവതിയെ മർദ്ദിക്കുന്നതു പതിവായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഒരു യുവതിയുമായി അഭിജിത്ത് ചാറ്റിംഗ് നടത്തുന്നതിനെച്ചൊല്ലി കുറച്ചു കാലമായി ഇരുവരും തമ്മിൽ കലഹിച്ചിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മൊബൈൽചാറ്റിംഗിനെക്കുറിച്ചു വഴക്കുണ്ടാകുകയും ദീപയ്ക്ക്മർദ്ദനമേൽക്കുകയും ചെയ്തു. നല്ല മനോബലമുള്ള ദീപ കുഞ്ഞുമായി ജീവനൊടുക്കാൻ തീരുമാനിച്ചത് കടുത്ത ശാരീരിക മാനസിക പീഡനം മുലമാണെന്നും മാതാപിതാക്കൾ ആരോപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ്തലയോലപ്പറന്പ് പൊട്ടൻചിറയിലെ ഭർതൃവീട്ടിൽ നിന്ന് ദീപയേയുംകുഞ്ഞിനേയും കാണാതായത്.