ദുബായ് : വർണ്ണങ്ങളുടെയും ദീപങ്ങളുടെയും ഉത്സവമായ ദീപാവലി ആഘോഷങ്ങൾക്ക് ഇന്ത്യൻ പ്രവാസികളുടെ സ്വപ്നഭൂമിയായ ദുബായിൽ വേദിയൊരുങ്ങി. വ്യാഴാഴ്ച രാത്രി മുതൽ പത്തു ദിവസത്തെ ആഘോഷരാവുകൾക്കു വേദിയാകുന്ന ദുബായ് നഗരത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളുടെ വിരുന്നൊരുക്കുന്ന ദുബായ് ക്രീക്കിലാണ് .
നവംബർ ഒന്നുമുതൽ പത്തുവരെയുള്ള ദിവസങ്ങളിൽ അൽ സീഫിലെത്തുന്ന ആർക്കും ഇവിടെ സജീകരിച്ചിരിക്കുന്ന എൽഇഡി ദീപം തെളിക്കാൻ അവസരം ഉണ്ടാകും. ഏറ്റവും അധികം ആളുകൾ ഒരുമിച്ചു ദീപം തെളിയിച്ചു ഗിന്നസ് ബുക്കിൽ ഇടം നേടാനും ശ്രമമുണ്ട്. വ്യാഴാഴ്ച രാത്രി 8.30നാണ് ആഘോഷങ്ങൾ തുടങ്ങിയത്. ബോളിവുഡ്, ഭാംഗ്ര നൃത്തപരിപാടികളും അരങ്ങേറി.
ദുബായ് ടൂറിസം, ദുബായ് പോലീസ്, ഇന്ത്യൻ കോണ്സുലേറ്റ് എന്നിവർ ചേർന്നാണ് പരിപാടികൾ ഒരുക്കിയിരിക്കുന്നത്. നവംബർ ഏഴിനു ദുബായ് ക്രീക്കിൽ ഒൗദ്യോഗിക ദീപം തെളിക്കൽ ചടങ്ങും കരിമരുന്നുപ്രയോഗവും നടക്കും. എട്ടുമുതൽ പത്തുവരെ ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ ഏഴുവരെ ദുബായ് പോലീസിന്റെ ബാൻഡ് മേളവും കുതിരപ്പടയുടെ പരേഡും നടക്കും. ദുബായ് പോലീസിന്റെ സൂപ്പർ കാറുകളുടെ പ്രദർശനം വൈകിട്ട് അഞ്ചുമുതൽ രാത്രി പതിനൊന്നുവരെ ഉണ്ടാകും.
റിലേ വിളക്ക് തെളിക്കൽ ഗിന്നസ് റെക്കോർഡ് പ്രകടനം നടക്കുക പത്തിനു വൈകിട്ട് അഞ്ചിന് ദുബായ് ക്രീക്കിൽ അൽസീഫ് ഷോ ഡെക്കിലാണ് . ഇതിൽ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും കുടുംബങ്ങളും പങ്കുചേരും. ദീപാവലി സ്പെഷ്യൽ വിപണന ശാലകളും തുറക്കുന്നിട്ടുണ്ട്.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള