ദീപാവലി സമ്മാനമായി തന്റെ കന്പനിയിൽ ജോലി ചെയ്യുന്ന 600പേർക്ക് കാർ നൽകിയിരിക്കുകയാണ് ഒരു ഇന്ത്യൻ വജ്ര വ്യാപാരി. ഗുജറാത്തിൽനിന്നുള്ള സവ്ജി ദൊലാക്യ എന്ന വ്യാപാരിയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഇത്രയധികം വിലയേറിയ സമ്മാനങ്ങൾ ജീവനക്കാർക്ക് നൽകിയത്.
വജ്രവ്യാപാര സ്ഥാപനമായ ഹരികൃഷ്ണ എക്സ്പോർട്ട്സിന്റെ ഉടമസ്ഥനാണ് ഇദ്ദേഹം. ഈ കന്പനിയിൽ ഏറ്റവും കാര്യക്ഷമമായി ജോലി ചെയ്യുന്നവർക്കാണ് കാറുകൾ സമ്മാനമായി നൽകിയത്. ഈ 600പേർക്കു പുറമേ ഇദ്ദേഹത്തിന്റെ കന്പനിയിൽ ജോലി ചെയ്യുന്നവർക്കെല്ലാം വിവിധ ദീപാവലി സമ്മാനങ്ങൾ നൽകുന്നുണ്ട്.
മാരുതി സുസുക്കിയുടെ ഒരേ മോഡൽ കാറുകളാണ് ദീപാവലി സമ്മാനമായി നൽകുക. ഇതിനായി മാത്രം രണ്ടു മില്യണ്‍ ഡോളറാണ് സവ്ജി ദൊലാക്യയ്ക്ക് ചെലവായത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ സമ്മാനദാന പരിപാടി ഉദ്ഘാടനം ചെയ്തത്. മുന്‍പും തൊഴിലാളികൾക്ക് വീടുകൾ പോലുള്ള സമ്മാനങ്ങൾ നൽകി ഇദ്ദേഹം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.