മധുരപലഹാരങ്ങൾ കൈമാറുകയും അടുത്തുള്ളവർക്കും പ്രിയപ്പെട്ടവർക്കും സമ്മാനങ്ങൾ അയയ്ക്കുകയും ഒക്കെ ചെയ്താണ് ദീപാവലി ആഘോഷിക്കുന്നത്. ഉത്സവ സീസൺ ആഘോഷിക്കാൻ ഇന്ത്യയിലെ കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് വർഷങ്ങളായി വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കാറുണ്ട്.
ഈ വർഷം ഹരിയാനയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമ തന്റെ ജീവനക്കാർക്ക് ദീപാവലി സമ്മാനമായി കാറുകൾ സമ്മാനിച്ചു. മിറ്റ്സ്കാർട്ട് ചെയർമാൻ എംകെ ഭാട്ടിയ തന്റെ ഓഫീസ് ഹെൽപ്പർ ഉൾപ്പെടെ 12 ജീവനക്കാർക്ക് പുതിയ ടാറ്റ പഞ്ച് കാറുകളുടെ താക്കോൽ കൈമാറി.
തന്റെ ജീവനക്കാരുടെ അർപ്പണബോധത്തിലും കഠിനാധ്വാനത്തിലും താൻ ആകൃഷ്ടനായെന്നും ഈ സീസണിൽ അവർക്ക് പ്രത്യേക സമ്മാനം നൽകാൻ തീരുമാനിച്ചതായും ഭാട്ടിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മിസ്റ്റർ ഭാട്ടിയയാണ് കമ്പനി ആരംഭിച്ചത്. അന്ന് മുതൽ ഈ ജീവനക്കാർ അദ്ദേഹത്തോടൊപ്പമുണ്ട്.
തമിഴ്നാട്ടിലെ കോത്തഗിരിയിലെ ഒരു തേയിലത്തോട്ടത്തിന്റെ ഉടമ ഈ വർഷം തന്റെ ജീവനക്കാർക്ക് ദീപാവലി ബോണസായി ബൈക്കുകൾ സമ്മാനിച്ച് അത്ഭുതപ്പെടുത്തി. 42 കാരനായ എസ്റ്റേറ്റ് ഉടമ തന്റെ ജീവനക്കാർക്ക് 2 ലക്ഷം രൂപയിലധികം വിലയുള്ള റോയൽ എൻഫീൽഡ് ബൈക്കുകൾ വാങ്ങി. ഈ വർഷത്തെ ദീപാവലി തങ്ങൾക്ക് അവിസ്മരണീയമാക്കിയതിന് ഉടമയ്ക്ക് നന്ദി അറിയിക്കുകയും ആ ആംഗ്യത്തിൽ ജീവനക്കാർ സന്തോഷിക്കുകയും ചെയ്തുവെന്ന് പറയേണ്ടതില്ലല്ലോ.
2021ൽ സൂറത്തിലെ അലയൻസ് ഗ്രൂപ്പ് തങ്ങളുടെ ജീവനക്കാർക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ സമ്മാനിച്ചതായി റിപ്പോർട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഇന്ധന വിലയും മറ്റ് ഘടകങ്ങളുമാണ് പിന്നിലെ പ്രേരണയായി കമ്പനിയുടെ മാനേജ്മെന്റ് ഉദ്ധരിച്ചത്.
2020-ൽ, ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കീഴിലുള്ള ധനകാര്യ വകുപ്പ്, ദീപാവലിക്ക് മുമ്പ് ജീവനക്കാർക്ക് 10,000 രൂപയ്ക്ക് പുറമേ അവധി യാത്രാ അലവൻസും ഉൾപ്പെടുന്ന ഉത്സവ പാക്കേജ് സമ്മാനിച്ചു.
2018-ൽ ഗുജറാത്തിലെ സൂറത്ത് ആസ്ഥാനമായുള്ള കോടീശ്വരനായ വജ്രവ്യാപാരിയായ സാവ്ജി ധോലാകിയ തന്റെ കമ്പനിയായ ഹരേ കൃഷ്ണ എക്സ്പോർട്ട്സിന്റെ ജീവനക്കാർക്ക് 600 കാറുകൾ വിതരണം ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ജീവനക്കാർക്ക് ബ്രാൻഡ്-ന്യൂ കാറുകളുടെ താക്കോൽ കൈമാറി. 2016-ൽ ധോലാകിയ തന്റെ ജീവനക്കാർക്ക് ദീപാവലി ബോണസായി 400 ഫ്ലാറ്റുകളും 1,260 കാറുകളും സമ്മാനിച്ചു. 2015ൽ 491 കാറുകളും 200 ഫ്ളാറ്റുകളും സമ്മാനമായി നൽകിയിരുന്നു.