ബോളിവുഡിൽ നിന്ന് ഹോളിവുഡ് പ്രശസ്തിയിലേക്കുയർന്ന നടിമാരിലൊരാളാണ് ദീപിക പദുക്കോണ്‍. ത്രിബിൾ എക്സ് ദ സാൻഡർ കേജ് എന്ന ചിത്രത്തിലൂടെയാണ് നടി ഹോളിവുഡിൽ തന്റെ സാന്നിധ്യമറിയിച്ചത്. എന്നാൽ അതിനിടയിലാണ് പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ മജീദ് മജീദിയുടെ ചിത്രത്തിൽ ദീപിക അഭിനയിക്കുന്നെന്ന റിപ്പോർട്ടുകൾ വന്നത് .സിനിമയിലെ ഒരു ലൊക്കേഷൻ ചിത്രവും പുറത്തായിരുന്നു.
എന്നാൽ ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കി എന്നാണ് പുതിയ വാർത്ത. ബിയോണ്ട് ദി ക്ലൗഡ്സ് എന്നു പേരിട്ട മജീദി ചിത്രത്തിൽ നിന്നാണ് ദീപികയെ ഒഴിവാക്കിയത്. ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്റെ സഹോദരൻ ഇഷാനാണ് ചിത്രത്തിൽ മുഖ്യ റോളിലെത്തുന്നത്. ഇഷാന്റെ സഹോദരിയുടെ റോളായിരുന്നു ദീപികയ്ക്ക് ചിത്രത്തിൽ. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ആരോ പകർത്തിയ ദീപികയുടെ ചിത്രം സോഷ്യൽ മീഡീയയിൽ വൈറലായിരുന്നു. തെരുവിൽ അലയുന്ന ഒരു സ്ത്രീയുടെ വേഷത്തിലായിരുന്നു ദീപിക.
ചിത്രത്തിൽ നിന്ന് ദീപികയെ ഒഴിവാക്കിയതായി മജീദി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ചിത്രത്തിൽ പുതുമുഖങ്ങൾ മതിയെന്ന കാരണത്താലാണ് ദീപികയെ മാറ്റിയതെന്നാണ് മജീദി പറയുന്നത്. എന്നാൽ കഥാപാത്രവുമായി ദീപികയുടെ ലുക്ക് യോജിക്കുന്നില്ലെന്ന കാരണത്താൽ നടിയെ മാറ്റുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.