മുംബൈ: വിവാദ ചിത്രം പത്മാവതിയുടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലകൊയ്യുന്നവർക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്. ബിജെപി മാധ്യമ കോ ഓർഡിനേറ്റർ സൂരജ് പാൽ അമു ആണ് വിവാദ പ്രസ്താവന നടത്തിയത്.
ദീപികയുടെയും ബൻസാലിയുടേയും തലകൊയ്യുന്നവർക്ക് അഞ്ചുകോടി വാഗ്ദാനം ചെയ്ത മീറത്തിലെ യുവാവിനെ അഭിനന്ദിക്കുന്നു. തങ്ങൾ ഒരാളുടെ തലകൊയ്യുന്നവർക്ക് 10 കോടി നൽകും. കൃത്യം നടത്തുന്നവരുടെ കുടുംബത്തിനെ ഏറ്റെടുക്കുമെന്നും സൂരജ് പാൽ പറഞ്ഞു. ചിത്രത്തിലെ നായകൻ രണ്‍വീർ സിംഗിന്റെ കാൽ തല്ലിയൊടിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. അതേസമയം സൂരജ് പാൽ അമുവിന്റെ പ്രസ്താവന പാർട്ടിയുടെതല്ലെന്ന് ബിജെപി വക്താവ് അറിയിച്ചു.
വിവാദങ്ങൾ കത്തിപ്പടർന്നതോടെ പത്മാവതിയുടെ റിലീസ് തീയതി മാറ്റിയിരുന്നു. ഡിസംബർ ഒന്നിനാണ് റിലീസ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നാണു സൂചന. റിലീസ് ചെയ്യുന്നത് മാറ്റിയതിനെത്തുടർന്ന് കർണിസേന പ്രഖ്യാപിച്ചിരുന്ന ബന്ദും മാറ്റി.
അപേക്ഷ പൂർണമായിരുന്നില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സെൻസറിംഗിന് അയച്ച പദ്മാവതി പ്രിൻറ് സർട്ടിഫിക്കേഷൻ ബോർഡ് തിരിച്ചയച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രം സെൻസർ ബോർഡിനു സമർപ്പിച്ചത്. ബോർഡ് ചട്ടങ്ങളനുസരിച്ച് 61 ദിവസത്തിനുള്ളിൽ ചിത്രങ്ങൾ സെൻസർ ചെയ്തു നൽകിയാൽ മതി. സെൻസർ ബോർഡ് സെൻസറിംഗ് പൂർത്തിയാക്കി ചിത്രം കൈമാറില്ലെന്ന ധാരണയെ തുടർന്നാണ് റിലീസ് നീളുന്നതെന്നാണു സൂചന.
പദ്മാവതിയുടെ റിലീസ് താത്കാലികമായി വിലക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വാർത്താവിനിമയ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിക്ക് അയച്ച കത്തിലാണ് വസുന്ധര ഈ ആവശ്യമുന്നയിച്ചത്. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതുവരെ ചിത്രത്തിന്റെ റിലീസിന് അനുമതി നൽകരുതെന്നും സ്മൃതിയോട് വസുന്ധര അഭ്യർഥിച്ചു. നേരത്തെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പദ്മാവതിയുടെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
രണ്‍വീർ സിംഗും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക റാണി പദ്മാവതിയായും രണ്‍വീർ അലാവുദിൻ ഖിൽജിയായും ചിത്രത്തിൽ എത്തുന്നു. ചിറ്റോർഗഡ് കോട്ട ആക്രമിച്ച അലാവുദിൻ ഖിൽജിക്ക് കീഴിൽ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കർണി സേന പറയുന്നു.
പത്മാവതിയുടെ ചിത്രീകരണസമയത്തുതന്നെ രജപുത് കർണി സേന എന്ന സംഘടന പ്രതിഷേധവുമായി എത്തിയിരുന്നു. അലാവുദീൻ ഖിൽജി 1303ൽ രാജസ്ഥാനിലെ ചിറ്റോർ കോട്ട കീഴടക്കിയതിന്റെ കഥയാണ് ബൻസാലിയുടെ പുതിയ സിനിമ പറയുന്നത്. റാണാ റാവൽസിംഗിന്റെ ഭാര്യയായിരുന്ന റാണി പത്മാവതിയും ഖിൽജിയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗവും സിനിമയിലുണ്ടെന്നും അത് ചരിത്രത്തെ വളച്ചൊടിക്കലാണെന്നുമാണ് ആരോപണം.