ഛണ്ഡിഗഡ്: പദ്മാവതി എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ നടി ദീപിക പദുക്കോണിന്‍റെ തലവെട്ടുന്നവർക്ക് പത്ത് കോടി രൂപ വാഗ്ദാനം ചെയ്ത ബിജെപി നേതാവ് സൂരജ് പാൽ അമു പാർട്ടി സ്ഥാനം രാജിവച്ചു. ഹരിയാന ബിജെപിയുടെ മാധ്യമ വക്താവായിരുന്നു സൂരജ്. വിവാദ ആഹ്വാനത്തിന് പിന്നാലെ പാർട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബറാലയ്ക്ക് വാട്സ് ആപ്പ് വഴി രാജിക്കത്ത് അയയ്ക്കുകയായിരുന്നു.
പദ്മാവതി എന്ന ചിത്രത്തത്തിനെതിരേ പ്രതിഷേധം ഉയർന്നതിന് പിന്നാലെ കർണിസേനയുമായി നടത്തിയ ചർച്ചയിൽ നിന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഇറങ്ങിപ്പോയതിൽ സൂരജിന് കടുത്ത് അതൃപ്തിയുണ്ടായിരുന്നു. പാർട്ടിയുടെ സാധാരണ പ്രവർത്തകനായി തുടരുമെന്നും രജപുത്ര വിഭാഗത്തെ അപമാനിക്കുന്നവർക്ക് മറുപടി നൽകാൻ അറിയാമെന്നും സൂരജ് പാൽ അമു കൂട്ടിച്ചേർത്തു.