മുംബൈ: പദ്മാവതിയുടെ സംവിധാകൻ സഞ്ജയ് ലീല ബൻസാലിയുടെയും റാണി പദ്മിനിയായി അഭിനയിച്ച നടി ദീപിക പദുകോണിന്റെയും തലവെട്ടുന്നവർക്ക് അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്ത് ഉത്തർപ്രദേശിലെ ചത്രീയ സമാജ് സംഘടന രംഗത്ത്. പദ്മാവതിക്കെതിരെ ഭീഷണിയുമായി രാജസ്ഥാനിലെ കർണിസേന രംഗത്തെത്തിയിരുന്നു. ദീപികയുടെ മൂക്ക് ചെത്തുമെന്നാണ് കർണിസേനയുടെ ഭീഷണി. ഇന്ത്യൻ സംസ്കാരം കളങ്കപ്പെടുത്തുന്ന ദീപികയോട് ശൂർപ്പണഖയോട് ലക്ഷ്മണൻ ചെയ്തത് ചെയ്യുമെന്നും കർണിസേന നേതാവ് മഹിപാൽ സിംഗ് പറഞ്ഞു. ഇതിനു പിന്നാലെയാണ് ചത്രീയ സമാജും രംഗത്ത് എത്തിയിരിക്കുന്നത്.
സംഘടനയുടെ ഒാഫീസിലുള്ള താക്കൂർ അഭിഷേക് സോമാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. രജ്പുത്ര സ്ത്രീകൾ പൊതുസ്ഥലത്ത് നൃത്തം ചെയ്യാറില്ല. രജ്പുത്രന്റെ ചരിത്രം സഞ്ജയ്ക്ക് അറിയില്ല. ചിത്രം റിലീസ് ചെയ്യുന്നതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടുമെന്നും താക്കൂർ പറഞ്ഞു.ചിത്രം പ്രദർശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിയറ്റർ ഉടമകൾക്കു രക്തംകൊണ്ട് കത്തെഴുതുമെന്നു രാജ്പുട് ശൗര്യ ഫൗണ്ടേഷൻ അറിയിച്ചു. തിയറ്ററുകൾ ഉപരോധിക്കുമെന്നു സംഘടനയുടെ നേതാവ് റാം മൂർത്തി സിങ് അറിയിച്ചു.
ഭീഷണിയുടെ പശ്ചാത്തലത്തിൽ സഞ്ജയ് ലീല ബൻസാലിക്കും നടി ദീപിക പദുക്കോണിനും സുരക്ഷ ശക്തമാക്കാൻ മുംബൈ പോലീസ് തീരുമാനിച്ചു. താരത്തിന്റെ മുംബൈയിലെ വീട്ടിലും ഓഫീസിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ചിത്രത്തിന്റെ റിലീസ് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നു കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേന്ദ്രത്തിനു കത്തെഴുതിയിരുന്നു. എന്നാൽ, ചിത്രത്തിനു സുരക്ഷയൊരുക്കുമെന്നു മഹാരാഷ്ട്ര, കർണാടക സർക്കാരുകളും അറിയിച്ചു. അതേസമയം, സിനിമയ്ക്കെതിരായ ആരോപണങ്ങളെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി തള്ളിക്കളഞ്ഞു. ചിത്രം റിലീസ് ചെയ്യുന്ന ഡിസംബർ ഒന്നിനു രാജ്യവ്യാപകമായി ബന്ദിനു കർണി സേന ആഹ്വാനം ചെയ്തിരുന്നു.
14-ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ചിറ്റോറിലെ രാജ്ഞിയെ പദ്മാവതി സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്വീർ സിംഗാണ് അലാവുദ്ദീൻ ഖിൽജിയാകുന്നത്. റാണി പത്മിനിയുടെ ഭർത്താവായി ഷാഹിദ് കപൂറുമുണ്ട്.