ഭാരമേറിയ ആഭരണങ്ങളും ധരിച്ചുള്ള ഷൂട്ടിംഗിനിടെ ബോളിവുഡ് നടി ദീപികയുടെ കഴുത്തിന് സാരമായ പരിക്ക്. ദീപിക പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി ഒരുക്കുന്ന പത്മാവതിയുടെ ചിത്രീകരണം ഇതേത്തുടർന്നു നിർത്തിവച്ചു. ഭാരമേറിയ ആഭരണങ്ങൾ ധരിച്ചുള്ള ഷൂട്ടിംഗിനിടെ ദീപികയുടെ കഴുത്ത് ഉളുക്കിയെന്നും റിപ്പോർ്ട്ടുണ്ട്.
കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷമേ റാണി പത്മാവതിയുടെ വേഷത്തിൽ അഭിനയിക്കാൻ സാധിക്കുകയുള്ളുവെന്ന് ദീപികയുടെ വക്താവ് അറിയിച്ചു. മൂന്നാം തവണയാണ് പത്മാവതിയുടെ ചിത്രീകരണം നിർത്തി വയ്ക്കുന്നത്. പ്രണയരംഗങ്ങൾ ഉണ്ടെന്നാരോപിച്ച് രജ്പുത് കർണി സേന മുന്പ് സെറ്റ് ആക്രമിച്ചിരുന്നു. പിന്നീട് മുംബൈയിൽ വച്ച് സെറ്റ് അഗ്നിക്കിരയാക്കുകയും ചെയ്തു. അതിനു ശേഷം ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് ദീപികയുടെ കഴുത്ത് ഉളുക്കിയത്. അലാവുദ്ദീൻ ഖിൽജിയായി റണ്വീർ സിങും, പത്മാവതിയുടെ ഭർത്താവ് രത്തൻ സിങായി ഷാഹിദ് കപൂറും എത്തുന്നു.