കായികതാരങ്ങളുടെ ജീവിതം സിനിമായാക്കുന്നത് ഇപ്പോൾ ട്രെൻഡാണല്ലോ. സച്ചിന്േറയും ധോണിയടേയുമെല്ലാം ജീവിതം സ്ക്രീനിൽ കണ്ട നമുക്കിനി ഒളിന്പ്യൻ പി.വി.സിന്ധുവിന്റെ ജീവിതവും കാണാം. കഠിനാധ്വാനത്തിലൂടെ ഏതു സ്വപ്നവും കൈയെത്തിപ്പിടിക്കാമെന്ന് തെളിയിച്ച സിന്ധു യുവതലമുറയ്ക്ക് പ്രചോദനമാണ്.
നടനും നിർമാതാവുമായ സോനുസൂദാണ് സിന്ധുവിനെക്കുറിച്ച് സിനിമ വരുന്നു എന്ന വാർത്ത പുറത്തുവിട്ടത്. സിന്ധുവിന്റെ എട്ടാം വയസു മുതൽ ഒളിന്പിക്സ് വരെയുള്ള ജീവിതമാകും സിനിമയാകുന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ0. ഒളിന്പിക്സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റണ്‍ താരമാണ് സിന്ധു.
ഇനി ചിത്രത്തിൽ ആരാണ് സിന്ധുവായി എത്തുന്നതെന്നല്ലെ? ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണാണ് സിന്ധുവാകുന്നത്. മികച്ച ബാഡ്മിന്റണ്‍ കളിക്കാരികൂടിയാണ് എന്നത് ദീപികയെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കും. തൊട്ടതെല്ലാം പൊന്നാക്കിയ ദീപികയുടെ കൈയിൽ സിന്ധുവും സുരക്ഷിതയാകുമെന്നത് തീർച്ച.
തന്റെ ജീവിതം രാജ്യത്തെ ലക്ഷക്കണക്കിനു കുട്ടികൾക്കു പ്രചോദനമാകുമെന്നു കരുതുന്നുവെന്നും ബയോപിക് നിർമിക്കുന്നുവെന്ന വാർത്ത അഭിമാനകരമാണെന്നുമായിരുന്നു വാർത്തയോടുള്ള സിന്ധുവിന്റെ പ്രതികരണം.