ബോളിവുഡിലെ ഒരു സൂപ്പർസ്റ്റാർ തന്നെ സിനിമയിൽ നിന്നു പുറത്താക്കിയെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഓംശാന്തി ഓം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം യേ ജെവാനി ഹേ ദിവാനിയാണ് എനിക്ക് ബോളിവുഡിൽ ഒരു ബ്രേക്ക് നൽകിയ ചിത്രം.
ഈ ചിത്രത്തിന് മുൻപ് മറ്റൊരു സൂപ്പർസ്റ്റാർ ചിത്രത്തിൽ എന്നെ കാസ്റ്റ് ചെയ്തിരുന്നു. എന്നാൽ എന്നോട് ഒന്നും പറയാതെ ആ പടത്തിൽ നിന്നു പിന്നീടെന്നെ ഒഴിവാക്കി- ദീപിക ഫിലിംഫെയറിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ആ സംഭവത്തിൽ എന്തോ കള്ളക്കളി നടന്നതായാണ് സംശയം. അതിന് പിന്നിൽ ആ സൂപ്പർസ്റ്റാർ തന്നെയാണെന്നാണ് എന്റെ വിശ്വാസം . ആ സമയത്ത് യേ ജെവാനി ഹേ ദിവാനിയിലൂടെ എന്റെ രക്ഷകനായത് രണ്‍ബീർ കപൂറാണെന്നും ദീപിക പദുക്കോണ്‍ പറഞ്ഞു.
ഇന്നു ബോളിവുഡിലെ താരരാജാക്കന്മാർക്ക് പോലും ഭീഷണിയായി വളർന്നു നിൽക്കുന്ന ദീപിക ഒരു ചിത്രം നഷ്ടപ്പെട്ടത് ഒരു നഷ്ടമായി കാണുന്നുമില്ല. ഒരു വർഷം 100 കോടി ക്ലബ് കടന്ന ചിത്രങ്ങളിലെ നായിക എന്ന റിക്കോർഡ് ഇപ്പോഴും ദീപികയ്ക്കാണ്. ബോളിവുഡ് രാജാക്കന്മാരായ ഖാൻ ത്രയങ്ങൾക്ക് പോലും ദീപികയുടെ അയലത്ത് വരാൻ സാധിച്ചിട്ടില്ലെന്നു സാരം.