ശ്രീനഗർ: ജമ്മു കാഷ്മീരിലെ കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായ കേസിൽ കോടതിയിൽ ഹാജരാകുന്നതിൽ തനിക്കു ഭീഷണിയുണ്ടെന്നു വനിതാ അഭിഭാഷക. അഭിഭാഷക ദീപിക എസ്. രജാവത്താണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. സഹപ്രവർത്തകരിൽനിന്നും ബാർ അസോസിയേഷനിൽനിന്നും ഭീഷണിയുണ്ടായതായാണ് ദീപികയുടെ പരാതി.
കേസിൽ എട്ടുവയസുകാരിയുടെ പിതാവിനുവേണ്ടി കോടതിയിൽ ഹാജരാകേണ്ടത് ദീപികയാണ്. ഇതിനു മുന്പാണ് കാഷ്മീർ ഹൈക്കോടതിയിൽവച്ച് ബാർ അസോസിയേഷൻ പ്രസിഡന്റ് പരസ്യമായി ദീപികയ്ക്കു നേരെ ഭീഷണി മുഴക്കിയത്. താൻ കേസ് ഏറ്റെടുക്കുന്നുവെന്ന് അറിഞ്ഞതോടെ ബാർ റൂമുകളിൽനിന്ന് വെള്ളംപോലും നൽകരുതെന്ന് അഭിഭാഷകർ പറഞ്ഞതായി ദീപിക പരാതിപ്പെടുന്നു.
കഴിഞ്ഞ ജനുവരി 10നാണ് കത്വയിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. കുട്ടിയെ മയക്കുമരുന്നു നൽകി ഉറക്കിയശേഷം ക്ഷേത്രത്തിനകത്ത് വച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ കോടതിയിലെത്തുന്നതു തടയാൻ ചില അഭിഭാഷകർ ശ്രമിച്ചിരുന്നു. പ്രതികളെ പിന്തുണച്ച് രണ്ട് ബിജെപി എംഎൽഎമാർ റാലിയും നടത്തുകയുണ്ടായി. റാലിയിൽ പങ്കെടുത്തവർ ദേശീയ പതാകകൾ ഉയർത്തിയതു വിവാദമായിരുന്നു.