ദീപിക പദുക്കോണിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്മാവതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുകയാണ്. ഇതിനിടയില്‍ പാക്കിസ്ഥാന്‍ നടി മഹിറാഖാന്റെ വിവാദ ചിത്രം ‘വെര്‍ണ’ക്കെതിരായ വിലക്കില്‍ പ്രതിഷേധവുമായി ദീപിക രംഗത്തെത്തി. ബലാത്സംഗവുമായി ബന്ധപ്പെട്ട പ്രശ്നം പ്രമേയമാകുന്ന ചിത്രമാണ് വെര്‍ണ. സിനിമയുടെ ശക്തി അറിയാത്തവരാണ് ഒരു ചെറിയ വിഭാഗം, സിനിമ ഈ ലോകത്ത് ചെയ്യുന്നതെന്തെന്ന് അവര്‍ക്കറിയില്ലെന്നും ദീപിക പറഞ്ഞു.
അതേസമയം പത്മാവതിക്ക് പ്രദര്‍ശനാനുമതി നല്‍കും മുമ്പ് ചിത്രത്തിനെതിരെ ഉയരുന്ന പൊതു കാഴ്ചപ്പാടും വിയോജിപ്പും കൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കത്തയച്ചു. രജ്പുത് സേന ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ നിന്നാണ് പത്മാവതിക്കെതിരെ എതിര്‍പ്പുയരുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് എതിര്‍പ്പ്. രജ്പുത് സമുദായത്തെ അപമാനിക്കുന്നതാണ് ചിത്രമെന്ന ആരോപണവുമായാണ് കര്‍ണി സേന സിനിമയ്ക്ക് എതിരെ രംഗത്തെത്തിയത്. ഡിസംബര്‍ ഒന്നിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഇവരെടുത്തിരിക്കുന്നത്. ദീപികയ്ക്കു പുറമേ രണ്‍വീര്‍ സിംഗ് , ഷാഹിദ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.