നോബിള്‍ പാറയ്ക്കല്‍
ലോകത്തില്‍ സമാനതകള്‍ കണ്ടെത്താന്‍ കഴിയുന്നതോ ലോകത്തിന്റെ കാഴ്ചയില്‍ വിലയിരുത്താനാവുന്നതോ ആയ ഒന്നല്ല കത്തോലിക്കാ സഭയിലെ സന്യാസത്തിന്റെ ജീവിതശൈലി. ലോകത്തിന്റെ താത്പര്യങ്ങളില്‍നിന്നും ആഡംബരങ്ങളില്‍നിന്നും അകന്നു സുവിശേഷത്തിലെ ഈശോയെ അടുത്തനുകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ -ആഗ്രഹിക്കുന്നവര്‍ മാത്രം- തെരഞ്ഞെടുക്കുന്ന ജീവിതമാര്‍ഗമാണത്. സന്യസ്ത ജീവിതം തെരഞ്ഞെടുക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്.
മൂന്നാം നൂറ്റാണ്ടില്‍ ഈജിപ്തിലെ വിശുദ്ധ അന്തോണീസില്‍നിന്ന് ആരംഭിക്കുന്ന സന്യസ്തജീവിതശൈലിക്ക് ഇന്ന് ആയിരമായിരം വേരുകളും ശാഖകളുമുണ്ട്. സുവിശേഷത്തിലെ ഈശോയില്‍ സവിശേഷമാംവിധം ദര്‍ശിക്കാന്‍ സാധിക്കുന്ന ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവുമാണ് എല്ലാ സന്യാസ സമൂഹങ്ങളും അടിസ്ഥാനപരമായി സ്വീകരിക്കുന്ന സുവിശേഷ പുണ്യങ്ങള്‍.
കാലാകാലങ്ങളില്‍ ദേശത്തിനും സംസ്‌കാരത്തിനും അനുരൂപപ്പെട്ടു പുതിയ സന്യാസസമൂഹങ്ങള്‍ ഉണ്ടായിയെങ്കിലും അവയുടെ നിയമങ്ങളെല്ലാം അടിസ്ഥാനമിട്ടിരിക്കുന്നതു സുവിശേഷത്തിലെ ക്രിസ്തുവില്‍ വിളങ്ങിനില്‍ക്കുന്ന ഈ മൂന്നു പുണ്യങ്ങളിലാണ്. ഇവ മൂന്നും വ്യക്തമായി പഠിക്കുകയും മനസിലാക്കുകയും ചെയ്ത ശേഷം വ്രതങ്ങളായി അവ സ്വീകരിച്ചുകൊണ്ടാണ് സന്യാസാര്‍ഥി/അര്‍ഥിനി ഈ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
പൂര്‍ണമായും ഇവ ജീവിക്കാനാകുമെന്നും എങ്ങനെയാണ് സന്യാസസമൂഹത്തിന്റെ നിയമങ്ങള്‍ക്കനുസൃതം അവ ജീവിക്കേണ്ടതെന്ന് തനിക്കറിയാമെന്നും അംഗീകരിച്ചിട്ടാണ് മേലധികാരിയുടെ മുമ്പില്‍ ഓരോ സന്യാസിയും സന്യാസിനിയും വ്രതവാഗ്ദാനം നടത്തുന്നതും. ഇപ്രകാരം വാഗ്ദാനം ചെയ്യുന്ന വ്രതങ്ങള്‍ ലംഘിക്കുക എന്നാല്‍ ആ ജീവിതരീതിയോട് അവിശ്വസ്തത പുലര്‍ത്തുക എന്നാണര്‍ഥം.
വ്രതങ്ങള്‍ ലംഘിക്കപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സന്യാസസമൂഹത്തിന്റെ അച്ചടക്കവും വളര്‍ച്ചയും ശ്രദ്ധിക്കാന്‍ കടപ്പെട്ട മേലധികാരി അക്കാര്യം പ്രസ്തുത വ്യക്തിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിശദീകരണങ്ങള്‍ ചോദിക്കുകയും ആവശ്യമായ തിരുത്തലുകള്‍ നല്കുകയും പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സഹായിക്കുകയും ചെയ്യും.
സന്യാസവ്രതങ്ങളുടെ തുടര്‍ച്ചയായ ലംഘനവും തിരുത്തലുകള്‍ വേണ്ടവിധത്തില്‍ സ്വീകരിക്കപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്യാത്ത സാഹചര്യവും മേലധികാരികളെ കൂടുതല്‍ ഗൗരവതരമായ നടപടിക്രമങ്ങളിലേക്ക് നയിക്കുകയും സഭാനിയമപ്രകാരം പ്രസ്തുത വ്യക്തി സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും ചെയ്യും.
ഇന്നു കത്തോലിക്കാസഭയിലെ സന്യസ്തജീവിതം ഒരു സന്യാസ സമൂഹത്തില്‍പ്പെട്ട കന്യാസ്ത്രീയുടെ വ്രതബദ്ധജീവിതത്തോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ മൂലം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ക്രൈസ്തവ സന്യാസത്തിന്റെ അടിസ്ഥാനധാരണകളെ ഒരു മതേതരസമൂഹത്തിന്റെ കണ്ണാടിയിലൂടെ വിലയിരുത്തുന്ന മാധ്യമങ്ങളിലാണ് അവ ചര്‍ച്ചചെയ്യപ്പെടുന്നത്. വിഷയം കൈകാര്യം ചെയ്യുന്നവരാകട്ടെ ഈ വിഷയത്തെ അതര്‍ഹിക്കുന്ന പക്വതയോടെ വിലയിരുത്താന്‍ മാത്രം അറിവില്ലാത്തവരുമാണ്.
പൊതുസമൂഹത്തിനുമുന്നില്‍ ഈ കന്യാസ്ത്രീ സന്യാസത്തെ വീണ്ടും അപഹാസ്യ വിഷയമാക്കുന്‌പോള്‍ യഥാര്‍ഥ സത്യങ്ങള്‍ ആരും മറക്കാതിരിക്കട്ടെ.
കന്യാസ്ത്രീ മാധ്യമശ്രദ്ധയില്‍
അടുത്ത നാളുകളില്‍ ജലന്ധര്‍ രൂപതാധ്യക്ഷനു നേരെ പരാതികളുന്നയിച്ചുകൊണ്ട് ഒരു സന്യാസിനി നല്കിയ പരാതിയെത്തുടര്‍ന്ന് എറണാകുളം കേന്ദ്രമാക്കി നടന്ന സമരത്തില്‍ സഭാധികാരികളുടെ അനുവാദമില്ലാതെ (തൃശൂരില്‍ പോകുന്നുവെന്ന് പറഞ്ഞാണ് മഠത്തില്‍നിന്ന് ഇറങ്ങുന്നത്) ഈ കന്യാസ്ത്രീ പങ്കെടുത്തു.
വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ അവിടെ പ്രസംഗിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മാധ്യമങ്ങളില്‍ ലേഖനങ്ങളായി നല്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇവര്‍ മാധ്യമശ്രദ്ധയിലേക്കു വരുന്നത്. ചില ചാനലുകള്‍ പ്രത്യേക താത്പര്യമെടുത്തു ചാനല്‍ റേറ്റിംഗ് മുന്നില്‍ക്കണ്ടു കന്യാസ്ത്രീയെ ഉപകരണമാക്കി മാറ്റി എന്നതാണ് സത്യം.
അടുത്ത കാലത്തു ക്രൈസ്തവ സഭാനേതൃത്വത്തെയും പൗരോഹിത്യത്തെയും അടിസ്ഥാനമില്ലാതെയും കേട്ടുകേള്‍വികളുടെ മാത്രം വെളിച്ചത്തിലും അശ്ലീലം കലര്‍ന്ന പദങ്ങളുപയോഗിച്ചും വിമര്‍ശിക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുന്നതിനും ഏവരും മൂകസാക്ഷികളാണ്.
ഏറ്റവുമൊടുവില്‍ ഈ കന്യാസ്ത്രീ സന്യാസവസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ചു വളരെ വികലമായ ആക്ഷേപവും ഉന്നയിച്ചു സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധയില്‍ വന്നു. എന്നാല്‍, മാധ്യമശ്രദ്ധയിലേക്ക് ഇവരെ കൊണ്ടുവന്ന മേല്‍പ്പറഞ്ഞ കാര്യങ്ങളൊന്നുമല്ല സന്യാസിനി സഭ ഇവര്‍ക്കുമേല്‍ കാനോനികമായ നടപടിക്രമം കൈക്കൊള്ളാനുള്ള പ്രധാന കാരണങ്ങള്‍.
കാനോനിക നടപടി എന്തുകൊണ്ട്
2019 ജനുവരി ഒന്നിന് സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്ററിന് അയച്ച കത്തില്‍ എന്തുകൊണ്ടാണ് ജനുവരി ഒന്‍പതിന് ആലുവ ജനറലേറ്റില്‍ വന്നു സുപ്പീരിയര്‍ ജനറലിനെ കാണണമെന്നു പറയുന്നതെന്നു വിവരിച്ചിട്ടുണ്ട്. പ്രസ്തുത കത്ത് സിസ്റ്റര്‍ക്ക് അവരുടെ സന്യാസഭയുടെ മേലധികാരി സ്വകാര്യമായി അയച്ച കത്താണ്.
ആ കത്ത് അവര്‍ മാധ്യമങ്ങള്‍ക്കു നല്കിയതുതന്നെ സഭയുടെ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധവും തികച്ചും അസ്വീകാര്യവുമാണ്. ആ കത്തിന്റെ ഉള്ളടക്കവും സാരവും അതിന്റേതായ അര്‍ഥത്തില്‍ മനസിലാക്കാന്‍ സാധ്യതയില്ലാത്ത ഒരു പൊതു ഇടത്തിലേക്കു ചര്‍ച്ചയ്ക്കു വച്ചുകൊടുത്തതു തന്നെ ഇത്രയും കാലം തുടര്‍ന്ന അനുസരണക്കേടിന്റെയും അപക്വമായ പെരുമാറ്റത്തിന്റെയും തുടര്‍ച്ച മാത്രമാണ്.
പ്രസ്തുത കത്തില്‍ സുപ്പീരിയര്‍ ജനറല്‍ ചൂണ്ടിക്കാട്ടുന്ന പ്രധാനപ്പെട്ട കുറ്റങ്ങള്‍ (ഇവ ആരോപണങ്ങളല്ല, മറിച്ച് തെളിയിക്കപ്പെട്ട വ്രതലംഘനങ്ങള്‍ തന്നെയാണ്) താഴെപ്പറയുന്നവയാണ്:
(എ) അനുസരണം എന്ന വ്രതത്തിനെതിരെ: 2015-ല്‍ നല്കിയ സ്ഥലംമാറ്റം സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. അധികാരികള്‍ അനുവാദം നല്‍കാതിരുന്നിട്ടും കവിതകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചു. അനുവാദം നിഷേധിച്ചിട്ടും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയും സന്യാസവ്രതം ലംഘിച്ച് സ്വന്തമായി വാഹനം വാങ്ങുകയും ചെയ്തു. പ്രസ്തുത വാഹനം വാങ്ങാനായി അധികാരികളുടെ അനുവാദമില്ലാതെ ലോണ്‍ എടുത്തു. 28-11-2018 ഫോണ്‍വഴിയും പിന്നീട് 12-12-2018 ല്‍ കത്തുവഴിയും ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നേരിട്ടു കാണണമെന്ന് സുപ്പീരിയര്‍ ജനറല്‍ അറിയിച്ചിരുന്നുവെങ്കിലും അതിനു സിസ്റ്റര്‍ തയാറായില്ല.
(ബി) ദാരിദ്ര്യ വ്രതത്തിനെതിരെ: മേലധികാരികള്‍ക്കുപോലും സ്വന്തമായി ചെലവഴിക്കാന്‍ കഴിയുന്ന തുകയില്‍ക്കൂടുതല്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉപയോഗിച്ചു. സുപ്പീരിയറിനുപോലും നാലു ലക്ഷം രൂപ ഉപയോഗിക്കാന്‍ കൗണ്‍സിലിന്റെ അനുവാദം വേണമെന്നിരിക്കെ, സ്വന്തം ഇഷ്ടമനുസരിച്ച് അത്രയും തുക വാഹനം വാങ്ങാനായി ഉപയോഗിച്ചതും, 2017 ഡിസംബര്‍ മുതല്‍ സ്വന്തം ശന്പളം സന്യാസ സഭയെ ഏല്‍പ്പിക്കാതിരിക്കുന്നതും അവര്‍ അംഗമായിരിക്കുന്ന സന്യാസിനിസഭയുടെ നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ്.
(സി) സ്‌കാന്‍ഡല്‍ അഥവാ ഉതപ്പുണ്ടാക്കുന്ന പ്രവൃത്തി: എസ്ഒഎസ് നടത്തിയ സമരത്തില്‍ അനുവാദമില്ലാതെ പങ്കെടുത്തു. അക്രൈസ്തവ മാധ്യമങ്ങളില്‍ അനുവാദമില്ലാതെ ലേഖനങ്ങള്‍ എഴുതി. ഫേസ്ബുക്ക്, മാധ്യമചര്‍ച്ചകള്‍ എന്നിവ വഴി സഭാനേതൃത്വത്തെയും അതിലുപരി കൂദാശകളെയും അവഹേളിച്ചു. അംഗമായിരിക്കുന്ന സ്വന്തം കോണ്‍ഗ്രിഗേഷനെ തന്നെ അപമാനിച്ചു.
പലതവണ തിരുത്തലുകള്‍ നല്‍കിയെങ്കിലും അവയൊന്നും ചെവിക്കൊള്ളാതെ സന്യാസസഭയില്‍ ആയിരിക്കുന്‌പോള്‍ തന്നെ സ്വന്തം വിശ്വാസവും ഐഡിയോളജികളും പിന്തുടരണം എന്നു വാശി സിസ്റ്ററിനുണ്ടെന്നും എന്നാല്‍, ഈ കോണ്‍ഗ്രിഗേഷനില്‍ ആയിരിക്കുന്‌പോള്‍ കോണ്‍ഗ്രിഗേഷന്റെ ചൈതന്യത്തിനും നിയമങ്ങള്‍ക്കുമനുസരിച്ചാണു ജീവിക്കേണ്ടത് എന്നും കത്തില്‍ പറയുന്നു.
മേല്‍പ്പറഞ്ഞ കാരണങ്ങളെപ്രതി ആ സിസ്റ്ററിന്റെ ഇപ്പോഴത്തെ ജീവിതശൈലി സന്യാസസഭയുടെ ചൈതന്യവുമായി ചേര്‍ന്നു പോകുന്നതല്ല എന്നതിനാല്‍ ജനുവരി ഒന്‍പതിനു താങ്കള്‍ ആലുവയിലെത്തി സുപ്പീരിയര്‍ ജനറലിനെ കാണേണ്ടതാണ് എന്നും അല്ലാത്തപക്ഷം ഇതു സുപ്പീരിയര്‍ ജനറലിനെതിരെയുള്ള അനുസരണക്കേട് ആയി കരുതുകയും വേണ്ട നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും എന്നും സൂചിപ്പിച്ചുകൊണ്ടാണ് പ്രസ്തുത കത്ത് അവസാനിക്കുന്നത്.
മാധ്യമങ്ങള്‍ സത്യം മറച്ചുവയ്ക്കുന്നത് എന്തുകൊണ്ട്
സിസ്റ്ററിന് അയച്ച കത്തില്‍ ഗൗരവതരമായ നിരവധി കാരണങ്ങള്‍ ഉന്നയിക്കപ്പെട്ടിരിക്കേ മാധ്യമങ്ങള്‍ ഇവയെല്ലാം സൗകര്യപൂര്‍വം അവഗണിച്ചുകൊണ്ട് താരതമ്യേന നിസാരമായ കാര്യത്തിലാണ് കൈവച്ചിരിക്കുന്നത്. ജലന്ധര്‍ കേസില്‍ ബിഷപ് ഡോ. ഫ്രാങ്കോയെ കോടതി കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെങ്കിലും കുറ്റക്കാരനെന്നു വിധിച്ചുകൊണ്ടു തന്നെ മാധ്യമങ്ങളും നിക്ഷിപ്തതാത്പര്യക്കാരും നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായതുകൊണ്ട് കന്യാസ്ത്രീയെ കരുതിക്കൂട്ടി പുറത്താക്കാന്‍ സഭ ശ്രമിക്കുകയാണെന്നു സ്ഥാപിക്കുന്നതു മാധ്യമങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ക്കു ലഭിക്കുന്ന റേറ്റിംഗിന്റെയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക ലാഭത്തിന്റെയും വിഷയമാണ്.
എന്നാല്‍, മനഃപൂര്‍വം സത്യം അവഗണിക്കുന്നതു ശരിയായ മാധ്യമധര്‍മമോ സമൂഹത്തോടുള്ള പ്രതിബദ്ധതയോ അല്ല എന്ന് ഓര്‍മിക്കുന്നതു നല്ലതാണ്. മാത്രവുമല്ല, അതു ക്രൈസ്തവ സമുദായത്തെയും പരിപാവനമായ സന്യസ്തജീവിതത്തെയും വളരെ ആസൂത്രിതമായി അവഹേളിക്കുന്ന പ്രവൃത്തിയുമാണ്.
സിസ്റ്ററിനെതിരേ സഭയുടെ നടപടിക്രമങ്ങള്‍ 2015 മുതല്‍ പല കാരണങ്ങളുടെ പേരില്‍ ആരംഭിച്ചിരുന്നു എന്നത് കത്തില്‍ വിഷയമാണെങ്കിലും അവയൊന്നും ഉദ്ധരിക്കാതെ അപ്രസക്തമായ ജലന്ധര്‍ വിഷയത്തിലെ ഇടപെടലുകളെക്കുറിച്ചുള്ള പരാമര്‍ശം മാത്രം ചര്‍ച്ചാവിഷയമാക്കുന്നത് മാധ്യമങ്ങളുടെ ലജ്ജയില്ലാത്ത ഗൂഢാലോചനകളെയാണ് വെളിവാക്കുന്നതും.
പൗരോഹിത്യവും സന്യാസവും
മാധ്യമചര്‍ച്ചകളില്‍ ഈ വിഷയം വന്നാലുടന്‍ സന്യാസത്തെ പൗരോഹിത്യത്തോടു തുലനം ചെയ്താണ് സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളെന്നു നടിക്കുന്നവരും പ്രസ്താവനകള്‍ ഇറക്കുന്നത്. ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ സുവിശേഷത്തിന്റെ പുണ്യങ്ങള്‍ ജീവിതനിയമമായി സ്വീകരിച്ചുകൊണ്ട് ക്രൈസ്തവ സന്ന്യാസം സ്വീകരിക്കുന്നവരില്‍ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. അവര്‍ ഈ ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സ്വീകരിക്കുന്നു. ഈ വ്രതങ്ങളാണ് സന്യാസജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ പൗരോഹിത്യം ഇതില്‍നിന്നു വ്യത്യസ്തമാണ്.
ഈ വ്രതങ്ങളല്ല പൗരോഹിത്യത്തിന്റെ അടിസ്ഥാനം. ഈ വ്രതങ്ങള്‍ സ്വീകരിച്ച് സന്യാസികളായിത്തീരുന്ന പുരുഷന്മാര്‍ പൗരോഹിത്യവും ചിലപ്പോള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, പൗരോഹിത്യത്തിന്റെ അടിസ്ഥാനം മെത്രാന്റെ കൈവയ്പാണ്. ശ്ലീഹന്മാരില്‍നിന്നു കൈമാറിക്കിട്ടുന്ന അധികാരമുപയോഗിച്ച് കൈവയ്പിലൂടെയാണു പുരോഹിതാര്‍ഥി പൗരോഹിത്യം സ്വീകരിക്കുന്നത്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവ സന്യാസികളെപ്പോലെ അവര്‍ വ്രതങ്ങളായി സ്വീകരിക്കുന്നില്ല. ഈ വ്രതങ്ങളും പൗരോഹിത്യവും തമ്മില്‍ സത്താപരമായ ബന്ധവുമില്ല.
ചുരുക്കത്തില്‍ സന്യാസം സ്വീകരിച്ച പുരുഷന്മാര്‍ പൗരോഹിത്യം സ്വീകരിക്കുമ്പോള്‍ അവര്‍ അടിസ്ഥാനപരമായി സന്യാസത്തിന്റെ നിയമങ്ങളായ ദാരിദ്ര്യവും ബ്രഹ്മചര്യവും അനുസരണവും പാലിച്ചുകൊണ്ട് ജീവിക്കുകയും സന്യാസികളല്ലാത്ത രൂപതാവൈദികര്‍ (ഇടവകകളിലുള്ളവര്‍) പൗരോഹിത്യത്തിന്റെ നിയമങ്ങള്‍ (കാനന്‍ നിയമം) അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു.
ദാരിദ്ര്യം വ്രതമായി സ്വീകരിക്കാത്ത രൂപതാവൈദികന്‍ ജീവിക്കുന്നതുപോലെ തനിക്കും ജീവിക്കണമെന്നു ദാരിദ്ര്യവ്രതം സ്വീകരിച്ച സന്യാസിയോ സന്യാസിനിയോ വാശിപിടിക്കാറില്ല. കാരണം അടിസ്ഥാനപരമായ ഈ വ്യത്യാസങ്ങളെ അറിഞ്ഞും മനസിലാക്കിയുമാണ് ഓരോരുത്തരും ഈ ജീവിതാന്തസുകളിലേക്കു പ്രവേശിക്കുന്നത്.
ഇത്തരം സത്യങ്ങളെ മനസിലാക്കാനുള്ള സാവകാശം കാണിക്കാത്ത മാധ്യമങ്ങളും ഇവ അറിയാവുന്ന കാര്യങ്ങളാണെങ്കിലും അവയെ സ്വാര്‍ഥലാഭത്തിനായി വളച്ചൊടിച്ച് അവതരിപ്പിക്കുന്ന ചിലരും ഒരുമിക്കുന്‌പോള്‍ സമര്‍പ്പിതജീവിതത്തെക്കുറിച്ച് ആശയക്കുഴപ്പത്തിന്റെ പുകമറ സൃഷ്ടിക്കാനും ആ പുകമറക്കുള്ളില്‍നിന്നുകൊണ്ട് ഈ ജീവിതാന്തസുകള്‍ക്കുനേരെ അസഭ്യവര്‍ഷം നടത്താനും അനേകരുണ്ടാകും എന്നു വര്‍ത്തമാനകാലസംഭവങ്ങള്‍ സാക്ഷ്യം നല്കുന്നു.
അല്പസത്യങ്ങളെ കച്ചവടച്ചരക്കാക്കുകയും അസത്യങ്ങളെ അന്തിച്ചര്‍ച്ചയായി അവതരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ യുഗത്തില്‍ സന്യാസം അല്പന്റെ വായ്ത്താരിയല്ലെന്ന് ഓര്‍മിക്കുന്നത് നാം തെറ്റിദ്ധരിക്കപ്പെടാതിരിക്കാന്‍ ഉപകരിക്കും. വിശുദ്ധജന്മങ്ങളുടെ ദൈവാനുഭവത്തില്‍നിന്ന് ഉയിര്‍കൊണ്ട് സ്വയം ഇല്ലാതായവന്റെ സുവിശേഷത്തെപ്രതിയുള്ള സന്യാസം വഴിതെറ്റിപ്പോയ സകലരുടെയും പ്രഹസനങ്ങളെ അതിജീവിച്ച് വിശുദ്ധിയുടെ പ്രശോഭ ചൂടി തിളങ്ങിവിളങ്ങുകതന്നെ ചെയ്യും.