കോട്ടയം: 2023ലെ കലണ്ടറിൽ മലയാള മാസം കന്നി തുടങ്ങുന്നതു സംബന്ധിച്ചു വ്യാപക ആശയക്കുഴപ്പം. 2023ലെ കലണ്ടർ പുറത്തിറങ്ങുന്ന സമയം മുതൽ തുടങ്ങിയ ആശയക്കുഴപ്പമാണ് കന്നി മാസം എത്തിയതോടെ കൂടുതൽ ചർച്ചയാകുന്നത്.
സർക്കാരിന്റെയും ദീപികയടക്കം പല പത്രങ്ങളുടെയും കലണ്ടറുകളിൽ 1199 ചിങ്ങമാസം 32 ദിവസം ഉണ്ട്. കന്നി ഒന്ന് തുടങ്ങുന്നത് സെപ്റ്റംബർ 18 തിങ്കളാഴ്ചയും ആയിരുന്നു.
എന്നാൽ, മറ്റു ചില പത്രസ്ഥാപനങ്ങളുടെ കലണ്ടറുകളിൽ ചിങ്ങമാസം 31 വരെയേയുള്ളൂ. കന്നി മാസം സെപ്റ്റംബർ 17ന് തുടങ്ങുകയും ചെയ്തു. ഇതിനുസരിച്ചു പത്രങ്ങളിൽ വ്യത്യസ്ത തീയതി വന്നതോടെയാണ് ആശയക്കുഴപ്പം രൂക്ഷമായത്.
എന്നാൽ, ഉദയാസ്തമയത്തിന്റെ സമയം കണക്കാക്കുന്നതു സംബന്ധിച്ചു പഞ്ചാംഗം തയാറാക്കുന്നവർ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത്തരമൊരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ ഉദയാസ്തമയ സമയം വ്യത്യസ്തമാണ്. ഈ വ്യത്യസ്ത സമയം ആധാരമാക്കി പഞ്ചാംഗം തയാറാക്കുന്നതുകൊണ്ടാണ് തീയതിയിലും മാറ്റം വരുന്നത്. പതിറ്റാണ്ടുകൾക്കു മുന്പു മുതൽ ഇത്തരം പ്രശ്നങ്ങൾ രാജ്യത്തെന്പാടും ഉയർന്നിരുന്നു.
പലേടത്തും തർക്കങ്ങൾ വന്നതോടെ 1953ൽ കേന്ദ്രസർക്കാർ ഒരു കലണ്ടർ റിഫോം കമ്മിറ്റിയെ വച്ചതായി ഈ രംഗത്തെ വിദഗ്ധനായ ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി ബാലകൃഷ്ണ വാര്യർ പറയുന്നു.
കമ്മിറ്റി ഇതിനെക്കുറിച്ചു പഠിച്ചു പരിഹാരമാർഗവും നിർദേശിച്ചു. ഒരു സംസ്ഥാനത്തു പല ഉദയാസ്തമയ സമയം നിലനിൽക്കുന്നതിനാൽ തലസ്ഥാന ജില്ലയിലെ സമയം ആധാരമാക്കി പഞ്ചാംഗവും കലണ്ടറും തയാറാക്കണമെന്നതായിരുന്നു നിർദേശം.
അല്ലെങ്കിൽ തീയതികളിൽ വീണ്ടും മാറ്റങ്ങൾ വരുമെന്ന് കമ്മിറ്റി മുന്നറിയിപ്പു നൽകിയിരുന്നു.ദീപികയ്ക്കും സർക്കാരിനുമടക്കം കലണ്ടർ തയാറാക്കിയ വിദഗ്ധർ തലസ്ഥാന നഗരിയിലെ സമയം ആധാരമാക്കിയപ്പോൾ മറ്റു ചിലർ അവർ താമസിക്കുന്ന ജില്ലയിലെ സമയം അടിസ്ഥാനമാക്കിയതോടെയാണ് തീയതിയിൽ വ്യത്യാസം വന്നത്.
അതേസമയം, ചിങ്ങം, കന്നി മാസത്തിൽ മാത്രമേ ഈ ആശയക്കുഴപ്പമുള്ളൂ. ചിങ്ങം 32 രേഖപ്പെടുത്തിയവർക്ക് കന്നി മാസത്തിൽ 30 ദിവസങ്ങൾ മാത്രമേയുള്ളൂ.
അതേസമയം, ചിങ്ങം 31 രേഖപ്പെടുത്തിയവർക്കു കന്നി മാസത്തിൽ 31 ദിവസങ്ങളുണ്ടാകും. തുലാം മാസം മുതൽ തീയതികൾ വീണ്ടും ഒരുപോലെയാകും.എല്ലാവർക്കും ഒക്ടോബർ 18നാണ് തുലാം ഒന്ന്.