മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോൺ താമസിച്ചിരുന്ന ബഹുനില പാർപ്പിട സമുച്ചയത്തിൽ വൻ അഗ്നിബാധ. തെക്കൻ മുംബൈയിലെ സമ്പന്നർ താമസിക്കുന്ന പ്രഭാദേവിയിലെ ബഹുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയിൽ ഒരാൾക്ക് പരിക്കേറ്റതായാണ് വിവരം. എന്നാൽ താൻ സുരക്ഷിതയാണെന്ന് നടി ട്വിറ്ററിലൂടെ അറിയിച്ചു.
34 നിലയുള്ള ബ്യൂമോണ്ട് ടവറിൽ ഒരു നിലയിൽ നടിയുടെ ഫ്ലാറ്റും മറ്റൊന്നിൽ ഓഫീസുമാണ്. സംഭവം നടക്കുമ്പോൾ നടി സ്ഥലത്തുണ്ടായിരുന്നില്ല. ഉച്ചയ്ക്കു ശേഷം രണ്ടോടെയാണ് തീപിടിത്തം ആരംഭിച്ചത്. കെട്ടിടത്തിന്റെ 33 ാം നിലയിലായിരുന്നു തീപിടിത്തം.
മുകളിലെ രണ്ടു നിലകളിൽ കാര്യമായ നാശനഷ്ടം സംഭവിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. അഗ്നിശമന സേനയുടെ 10 യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.