ന്യൂഡൽഹി: ബോളിവുഡ് നടി ദീപിക പദുകോണിന്റെ നിശബ്ദമായ പോരാട്ടവും സമ്മർദ്ദങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് കമീഷണർ അശോക ലവാസ ചുമതല നിർവഹിച്ചതും ആവേശം പകരുന്നതാണെന്ന് ആർ.ബി.ഐ മുൻ ഗവർണർ രഘുറാം രാജൻ. ചില വ്യക്തികൾക്ക് സത്യം, സ്വാതന്ത്ര്യം, നീതി എന്നിവ കേവലം വാക്കുകൾ മാത്രമല്ലെന്ന് തെളിയിക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ജെഎൻയുവിൽ മണിക്കൂറുകളോളം അക്രമികൾ അഴിഞ്ഞാടിയിട്ടും പോലീസ് ഇടപ്പെടാത്തത് ആശങ്കപെടുത്തുന്നതാണ്. ജെഎൻയു സന്ദർശനത്തോടെ ബൊക്കെകളും കല്ലുകളും ദീപിക നേടി. അവരുടെ പുതിയ ചിത്രമായ ചപാകിനെതിരെയും പ്രചാരണങ്ങളുണ്ടായി. എന്നിട്ടും സത്യത്തോടൊപ്പം അവർ നിന്നത് ആവേശം പകരുന്നു -രഘുറാം രാജൻ വ്യക്തമാക്കി.
വിവിധ വിശ്വാസങ്ങളുള്ള യുവാക്കാൾ ഒരുമിച്ച് ദേശീയപതാകയ്ക്ക് കീഴിൽ മാർച്ച് ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. രാഷ്ട്രീയനേതാക്കൾ സ്വന്തം നേട്ടത്തിനായി ഉണ്ടാക്കിയ വിഭജനങ്ങൾ അവർ തള്ളിക്കളയുകയാണ്. ദീപികയെപ്പോലുള്ളവർ പ്രചോദനമാണെന്നും അവരെപ്പോലുള്ളവരാണ് ഭരണഘടനയുടെ ചൈതന്യം നിലനിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് രാഷ്ട്രീയ ചായ്വുള്ള ദീപിക ജെഎൻയുവിൽ പോയതിൽ അത്ഭുതമില്ലെന്നും ജവാന്മാർ കൊല്ലപ്പെടുന്പോൾ ആഘോഷിക്കുന്നവർക്കൊപ്പമാണ് ദീപികയെന്നും സ്മൃതി ഇറാനി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ കാന്പെയിനിന്റെ പരസ്യത്തിൽ നിന്ന് ദീപിക പദുക്കോണിനെ ഒഴിവാക്കിയെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ട്വിറ്ററിൽ താരത്തെ ബ്ലോക്ക് ചെയ്യാനും ദീപികയുടെ പുതിയ ചിത്രമായ ഛപാക് ബഹിഷ്കരിക്കണമെന്നുമുള്ള പബിജെപി പ്രചാരണം ശക്തമാണ്. #BoycottChhapaak #BlockDeepika എന്നീ ഹാഷ്ടാഗുകളിലായിരുന്നു പ്രചാരണം.
എന്നാൽ പ്രചാരണം ആരംഭിച്ച് ഒരു ദിവസം കൊണ്ട് ദീപിക പദുക്കോണിന്റെ ട്വിറ്ററിൽ പുതിയതായി നാൽപ്പതിനായിരം ആളുകളാണ് ഫോളോ ചെയ്യാൻ ആരംഭിച്ചത്. സോഷ്യൽ മീഡിയ അനലിറ്റിക്സ് നടത്തുന്ന സോഷ്യൽ ബ്ലേഡ് എന്ന സൈറ്റാണ് കണക്ക് പുറത്ത് വിട്ടത്. സാധാരണ ഒരു ദിവസം നാലായിരം പുതിയ ആളുകളാണ് ദീപികയെ ഫോളോ ചെയ്യുന്നത്.