ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെ പിന്നാലെയാണ് പപ്പരാസികൾ എന്നു തോന്നുന്നു. ദീപികയ്ക്ക് വിശേഷം വല്ലതുമായോ എന്ന അന്വേഷണം അവർ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. വിവാഹശേഷം ദീപികയുടെ ഓരോ ഫോട്ടോ പുറത്തുവരുന്പോഴും അവർ സസൂക്ഷ്മം നിരീക്ഷിക്കുന്നു.
നീണ്ട ആറുവർഷത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ നവംബറിലാണ് ബോളിവുഡിലെ യുവനായകൻ രണ്‍വീർ സിംഗിനെ ദീപിക സ്വന്തമാക്കിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ചുമാസം ആയതോടെയാണ് പപ്പരാസികൾ വിശേഷം വാർത്തയാക്കാൻ നടക്കുന്നത്. എന്നാൽ പപ്പരാസികൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് ദീപിക പദുക്കോൺ.
വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകൾ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യമെറിയുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിക്കലും സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. തീർച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അത് സംഭവിക്കേണ്ടതാണ്.
പക്ഷേ ആ ഒരവസ്ഥയിൽക്കൂടി കടന്നു പോകാൻ അവരെ നിർബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്-ദീപിക പറഞ്ഞു. ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗർവാളിന്റെ ജീവിതകഥ പ്രമേയാമാക്കിയ ചിത്രത്തിൽ അഭിനയിക്കുകയാണ് ദീപിക ഇപ്പോൾ.