ദീപിക പദുകോണ്‍ നായികയാകുന്ന സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രമായ പത്മാവതിയുടെ പോസ്റ്റർ അഗ്നിക്കിരയാക്കി. ശ്രീ രജപുത്ര കർണ്ണി സേനയാണ് അക്രമത്തിന് പിന്നിൽ. രാജ്മന്ദിർ സിനിമ ഹാളിന് പുറത്ത് ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രണ്ടു ദിവസം മുന്‍പാണ് പത്മാവതിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.
റാണി പത്മിനിയും അലാവുദ്ദീൻ ഖിൽജിയും റവൽ രത്തൻ സിംഗും കഥാപാത്രങ്ങളാകുന്ന ചിത്രത്തിന് നേരത്തെ തന്നെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്.ആദ്യം രജപുത്ര വിഭാഗത്തിന്റെ മുന്നിൽ ചിത്രം പ്രദർശിപ്പിച്ചാൽ മാത്രമെ രാജസ്ഥാനിൽ പത്മാവതി റിലീസ് ചെയ്യാൻ സമ്മതിക്കൂ എന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. റിലീസ് ചെയ്യുന്നതിന് മുന്‍പായി ചിത്രം ഞങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുമെന്ന് ബൻസാലി ഞങ്ങൾക്ക് വാക്കുതന്നതാണ്, പക്ഷെ ഈ നിമിഷം വരെ അതുണ്ടായില്ല,
എന്നാൽ പോസ്റ്ററുകൾ പുറത്തിറങ്ങി- കർണി സേന ജയ്പൂർ ജില്ലാ പ്രസിഡന്റ് നാരായണൻ ദിവ്രല പറഞ്ഞു.ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല എന്നുറപ്പ് വരുത്തിയാൽ മാത്രമേ പ്രദർശിപ്പിക്കാൻ അനുവദിക്കുകയുള്ളുവെന്നും പ്രതിഷേധക്കാർ കൂട്ടിച്ചേർത്തു. ഡിസംബർ ഒന്നിനാണ് പത്മാവതി റിലീസ് ചെയ്യുന്നത്.