മുംബൈ: പദ്മാവതിയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ചിത്രത്തിനെതിരേ ബിജെപി ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് വിവാദം കൊഴുത്തത്. ഇതിനിടെ ദീപിക പദുക്കോൺ ഇന്ത്യക്കാരിയല്ലെന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയോടെ വിവാദം മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്.
നടി ദീപിക നമുക്ക് അധഃപതനത്തെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ദീപികയുടെ കാഴ്ചപ്പാടിൽ നിന്ന് പിന്നോട്ടു പോയാൽ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവൂ എന്നാണ് സുബ്രഹ്മണ്യൻ സ്വാമി ട്വിറ്ററിൽ കുറ്റപ്പെടുത്തിയത്.
സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയ്ക്കെതിരേ ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ആരൊക്കെ തടഞ്ഞാലും ചിത്രം ഡിസംബർ ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്ന് ദീപിക പദുക്കോൺ പ്രതികരിച്ചു. സെൻസർ ബോർഡാണ് ചിത്രം പരിശോധിക്കേണ്ടത്. ചിത്രത്തേക്കുറിച്ച് അവർക്ക് ബോധ്യപ്പെട്ടതിനു ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്. – ദീപിക പറഞ്ഞു. നേരത്തെ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ചിത്രത്തിന്റെ റിലീസ് തടയാനുള്ള ശ്രമങ്ങൾക്കെതിരെ ദീപിക ശക്തമായി പ്രതികരിച്ചിരുന്നു.
ഇത് ഭയാനകമായ അവസ്ഥയാണ്. തീർത്തും ഞെട്ടുന്ന അവസ്ഥ. എവിടെയാണ് നമ്മൾ സ്വയം എത്തിപ്പെട്ടിരിക്കുന്നത്. ഒരു രാഷ്ട്രം എന്ന നിലയിൽ എവിടെയാണ് നമ്മൾ എത്തിയിരിക്കുന്നത്. പിന്നോട്ടാണ് നമ്മുടെ യാത്ര- ദീപിക പറഞ്ഞു. ഇതാണ് ബിജെപിയെ കൂടുതൽ ചൊടിപ്പിച്ചത്. ഇതിനിടെ പത്മാവതിയുടെ ട്രെയിലർ പ്രദർശിപ്പിച്ച സിനിമാ ഹാളിനു നേർക്ക് ആക്രമണമുണ്ടായി. രജപുത്ര കർണി സേനയാണ് ആക്രമണം നടത്തിയത്. രാജസ്ഥാനിലെ കോട്ടയിൽ ആകാശ് മാളിലായിരുന്നു ആക്രമണം അരങ്ങേറിയത്. സിനിമാ ഹാളിലെ ജനൽചില്ലുകളും മറ്റും തകർത്തു.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പദ്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ചിറ്റോറിലെ രാജ്ഞിയെ പദ്മാവതി സിനിമയിൽ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ചിത്രം ചരിത്രസത്യങ്ങളെ വളച്ചൊടിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്വീർ സിംഗാണ് അലാവുദ്ദീൻ ഖിൽജിയാകുന്നത്. റാണി പത്മിനിയുടെ ഭർത്താവായി ഷാഹിദ് കപൂറുമുണ്ട്.
റാണി പദ്മിനിയോട് അലാവുദ്ദീൻ ഖിൽജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതൽമുടക്കിലാണ് ചിത്രീകരിച്ചത്. ബൻസാലി പ്രൊഡക്ഷൻസും വിയാകോം 18 പിക്ചേഴ്സും ചേർന്നാണ് നിർമിക്കുന്നത്.