ബോളിവുഡിലെ മുന്‍നിര നായികയാണ് ദീപിക പദുക്കോണ്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക. നടിവിവാഹശേഷവും കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ബോളിവുഡിലെ നിറസാന്നിധ്യമാണ് താരം.
ഹോളിവുഡില്‍ അടക്കം സാന്നിധ്യമറിയിച്ചിട്ടുള്ള ദീപികയ്ക്ക് ലോകമെമ്പാടും ആരാധകരുണ്ട്.ബോളിവുഡിലാണ് ദീപിക തിളങ്ങിയതെങ്കിലും കന്നഡ സിനിമയിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.
ഐശ്വര്യ എന്ന ചിത്രത്തിലാണ് ദീപിക ആദ്യമായി അഭിനയിച്ചത്. 2006 ല്‍ ആയിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം ഷാരൂഖ് ഖാന് നായകനായ ഓം ശാന്തി ഓമിലൂടെ ദീപിക ബോളിവുഡിലേക്കും എത്തുകയായിരുന്നു.
ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു ദീപിക അഭിനയിച്ചത്. ബോളിവുഡില്‍ ഒരു നായികയ്ക്ക് ലഭിക്കാവുന്ന ഒരു സ്വപ്ന തുല്യമായ തുടക്കമായിരുന്നു അത്.
തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് കരിയര്‍ തുടങ്ങിയതെങ്കിലും ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് അധികം തെന്നിന്ത്യന്‍ സിനിമകളില്‍ ഒന്നും ദീപിക അഭിനയിച്ചിട്ടില്ല. ഇടയ്ക്ക് തമിഴില്‍ കൊച്ചടിയാന് എന്ന 3ഡി ചിത്രത്തിന്റെ ഭാഗമായത് ഒഴിച്ച് മറ്റൊരു സിനിമയും വന്നിട്ടുണ്ടായിരുന്നില്ല.
എന്നാല്‍ ഇപ്പോള്‍ ബിഗ് ബജറ്റ് ചിത്രമായ പ്രൊജക്റ്റ് കെയിലൂടെ വീണ്ടും തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ദീപിക. അമിതാഭ് ബച്ചന്, പ്രഭാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന തെലുങ്ക് ചിത്രത്തില്‍ നായികയായിട്ടാണ് ദീപിക എത്തുന്നതെന്നാണ് കേൾക്കുന്നത്.
അതിനിടെ തമിഴില്‍ ഒരു സിനിമയില്‍ ദീപിക നായികയാവുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ചിമ്പുവിനെ നായകനാക്കി ഡെസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദീപിക നായികയാവുമെന്നായിരുന്നു റിപ്പോര്‍ട്ട്.
കമല്‍ ഹാസന് നിര്‍മ്മിക്കുന്ന ചിത്രത്തിനായി ചിമ്പു ഇതിനകം ലണ്ടനില്‍ പരിശീലനം ആരംഭിച്ചു എന്നുള്ള റിപ്പോര്‍ട്ടുകളൊക്കെ ഉണ്ട്.
ഇതിനിടെ ദീപിക ഈ സിനിമയില്‍ ഉണ്ടാവില്ലെന്ന് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ദീപികയുടെ പ്രതിഫലവും മറ്റു ചില കണ്ടീഷനുകളുമാണ് നടിയെ ഒഴിവാക്കാനുള്ള കാരണമെന്നാണ് പറയുന്നത്. 30 കോടി രൂപയാണ് ദീപിക സിനിമയില്‍ അഭിനയിക്കുന്നതിന് പ്രതിഫലമായി ആവശ്യപ്പെട്ടത് എന്നാണ് വിവരം.
അതുപോലെ താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലും ആവശ്യപ്പെട്ടിട്ടുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ ഒരു മുറിയല്ല, പകരം ഒരു ഫ്ളോര്‍ തന്നെയാണ് ദീപിക ആവശ്യപ്പെട്ടത് എന്നാണ് കേള്‍ക്കുന്നത്.
ഇത്രയും കാര്യങ്ങള്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ദീപിക ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തില്ലെന്നത് കൊണ്ട് തന്നെ അത് നടക്കില്ലെന്നാണ് റിപ്പോര്‍ട്ട്.