ഏറെ വെല്ലുവിളികള്‍ നേരിട്ടാണ് ദീപിക പദുക്കോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പത്മാവത് തിയ്യറ്ററിലെത്തിയത്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം കൊയ്യുകയാണ്. എന്നാല്‍ താന്‍ ജീവിതത്തില്‍ ഭയത്തെ നേരിടുന്നത് ആദ്യമായല്ലെന്നാണ് ദീപിക പറയുന്നത്. പത്മാവതിനെതിരായ ഭീഷണികളുടെ പശ്ചാത്തലത്തില്‍ താരത്തിന് പ്രേത്യക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദീപിക താന്‍ ഭയത്തെ നേരിട്ട നിമിഷത്തെ കുറിച്ച് മനസു തുറന്നത്.
‘അന്നെനിക്ക് 14-15 വയസായിരുന്നു. ഒരു ദിവസം കുടുംബസമേതം പുറത്തു പോയി ഭക്ഷണം കഴിച്ച് മടങ്ങി വരികയായിരുന്നു. റോഡിലൂടെ നടക്കുകയായിരുന്നു ഞങ്ങള്‍. അച്ഛനും സഹോദരിയും മുന്നിലും ഞാനും അമ്മയും പിന്നിലുമായിരുന്നു നടന്നത്. പെട്ടെന്ന് ഒരാള്‍ എന്റെ ദേഹത്ത് മോശമായി സ്പര്‍ശിച്ചു കൊണ്ട് കടന്നു പോയി. എനിക്കതിനെ അവഗണിച്ചാല്‍ മതിയായിരുന്നു. പക്ഷെ ഞാന്‍ തിരിച്ചു പോയി. അയാളുടെ കോളറില്‍ പിടിച്ചു, എനിക്ക് 14 വയസേ ഉണ്ടായിരുന്നുള്ളൂ എന്നോര്‍ക്കണം, എല്ലാവരും നോക്കി നില്‍ക്കെ അയാളുടെ കരണത്ത് അടിച്ചു’. താരം പറയുന്നു.
‘അന്നത്തെ ദിവസം മുതല്‍ എനിക്ക് എന്നെ നോക്കാന്‍ കഴിയുമെന്ന് എന്റെ അച്ഛനും അമ്മയ്ക്കും മനസിലായി.’ ദീപിക പറയുന്നു. തന്റെ മൂക്ക് ചെത്തുമെന്ന് പറഞ്ഞവര്‍ക്കും ദീപിക മറുപടി നല്‍കി. തന്റെ കാലിന് അല്‍പ്പം നീളം കൂടുതലുണ്ടെന്നും മൂക്ക് തനിക്ക് വളരെ പ്രിയപ്പെട്ടതായതു കൊണ്ട് മൂക്ക് മുറിക്കുന്നതിന് പകരം കാല്‍പാദം മുറിക്കുന്നതാകും നല്ലതെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അതുപോലെതന്നെ പത്മാവത് സിനിമയെ വിമര്‍ശിച്ച് സംസാരിച്ച ബോളിവുഡ് താരം സ്വര ഭാസ്‌കറിനുള്ള മറുപടിയും ദീപിക പറയുകയുണ്ടായി. സിനിമ തുടങ്ങും മുന്‍പ് എഴുതി കാണിച്ച ഡിസ്‌ക്ലൈമര്‍ സ്വര ശ്രദ്ധിച്ചു കാണില്ലെന്ന് ദീപിക പറഞ്ഞു. സിനിമ കാണും മുന്‍പ് ഏഴുതി കാണിക്കുന്ന ഡിസ്‌ക്ലൈമറില്‍ സിനിമയില്‍ ഒരു തരത്തിലുളള ആചാരങ്ങളെയും പ്രകീര്‍ത്തിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ജോഹര്‍ എന്ന ആചാരത്തെ കുറിച്ചല്ല സിനിമ സംസാരിക്കുന്നതെന്നും ദീപിക പറഞ്ഞു. ആ സിനിമ ഏത് കാലഘട്ടത്തെ അടിസ്ഥാനമാക്കിയുളളതാണെന്നും കൂടി പരിഗണിക്കേണ്ടതുണ്ട്. സ്ത്രീകളുടെ അഭിമാനത്തിന് വേണ്ടിയാണ് പത്മാവത് നിലകൊള്ളുന്നതെന്നാണ് വിശ്വസിക്കുന്നതെന്നും ദീപിക പറഞ്ഞു.
രൂക്ഷമായ വിമര്‍ശനമായിരുന്നു ചിത്രത്തിനു നേരേ ദ് വയറില്‍ എഴുതിയ ലേഖനത്തില്‍ സ്വര അഴിച്ചു വിട്ടത്. ‘സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന യോനി മാത്രമല്ല സ്ത്രീ. ശരിയാണ് സ്ത്രീകള്‍ക്ക് യോനിയുണ്ട്, പക്ഷെ അവര്‍ക്ക് അതിലൂമേറെയുമുണ്ട്. അവളുടെ അനുവാദമില്ലാതെ ഒരാള്‍ അവളുടെ യോനിയോട് അനാദരവ് കാണിച്ചതിന് അവളെ മരണം കൊണ്ട് ശിക്ഷിക്കേണ്ടതില്ല. യോനിക്ക് പുറത്ത് ജീവിതമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട ശേഷവും ജീവിതമുണ്ട്’ – സ്വര എഴുതി. ദുരാചാരങ്ങളെ ഇത്തരത്തിലുള്ള വലിയ ക്യാന്‍വാസിലൂടെ ബന്‍സാലി മഹത്വവത്ക്കരിച്ചെന്നും സ്വര കുറ്റപ്പെടുത്തി. നിങ്ങള്‍ ചെയ്ത എല്ലാ കാര്യത്തിനും നിങ്ങള്‍ക്ക് ന്യായീകരണം ഉണ്ടാകും. എങ്കിലും ഇവയെല്ലാം സതി പോലുള്ള ദുരാചാരങ്ങളെ മഹത്വവത്ക്കരിക്കുന്നതാണെന്നും സ്വര ബന്‍സാലിയോടായി ലേഖനത്തിലൂടെ പറഞ്ഞു