പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബോളിവുഡിലെ താരദമ്പതികളാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും. കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുന്ന താരദമ്പതികളുടെ മാതൃകാജീവിതം ആരാധകരെയും തൃപ്തിപ്പെടുത്തുന്നതാണ്.
ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം 2018 നവംബറിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്.ഇപ്പോഴിതാ തന്റെ ഭാര്യയുടെ മാതൃഭാഷയായ കൊങ്കണി പഠിക്കാന്‍ താന്‍ ഏറെ ആഗ്രഹിക്കുന്നുവെന്നും മക്കള്‍ ജനിക്കും മുമ്പ് കൊങ്കണി പഠിച്ചെടുക്കാനുള്ള ശ്രമത്തിലുമാണ് താനെന്ന് വെളിപ്പെടുത്തുകയാണ് രണ്‍വീര്‍ സിംഗ്.
അമേരിക്കയിൽ നടന്ന ഒരു എന്‍ആര്‍ഐ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു രണ്‍വീര്‍ ഇക്കാര്യം പറഞ്ഞത്.
കൊങ്കണി സമുദായത്തില്‍ നിന്നുള്ളവര്‍ ആതിഥ്യം വഹിച്ച കണ്വന്ഷനിടെയായിരുന്നു രണ്‍വീറിന്റെ രസകരമായ പ്രസ്താവന.
ദീപികയോടൊപ്പം വേദിയിലെത്തി സംസാരിക്കുന്ന രണ്‍വീര്‍ സിംഗിന്റെ ഈ വീഡിയോ ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
എനിക്ക് ഇപ്പോള്‍ കൊങ്കണി ഭാഷ കേട്ടാല്‍ മനസിലാകും. ഞാന്‍ ഈ ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്കു കുട്ടികളുണ്ടാകുമ്പോള്‍ അവരുടെ അമ്മ അവരോട് കൊങ്കണിയിലായിരിക്കും സംസാരിക്കുക.
അപ്പോള്‍ എന്നെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതെനിക്ക് മനസിലാകാതെ ഇരിക്കാന്‍ ഞാന്‍ അഗ്രഹിക്കുന്നില്ലെന്നാണ് രണ്‍വീര്‍ പറഞ്ഞത്.
വിവാഹം കഴിഞ്ഞ സമയത്ത് സസ്യാഹാരം കഴിക്കാന്‍ വിമുഖതയുണ്ടായിരുന്നു രണ്‍വീര്‍ ഇപ്പോള്‍ കൊങ്കണി വിഭവങ്ങള്‍ ആസ്വദിച്ചു കഴിയ്ക്കാന്‍ തുടങ്ങിയെന്ന് ചടങ്ങിൽ ദീപിക പറഞ്ഞു.
കൊങ്കണിയും കന്നടയും ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ള ദീപികയോടുള്ള ആദരസൂചകമായിട്ടായിരുന്നു ചടങ്ങിലേക്കുള്ള ക്ഷണം.
ശങ്കര്‍ മഹാദേവന്റെ സംഗീതക്കച്ചേരിയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ എത്തിയ താരദന്പതികളെ എന്‍ആര്‍ഐ കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന കൊങ്കണി സമ്മേളനത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
ദീപികയോടൊപ്പം മാതാപിതാക്കളും സഹോദരിയും യുഎസ് ട്രിപ്പില്‍ ഒപ്പമുണ്ടായിരുന്നു.