ബോളിവുഡിന്റെ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീർ സിങ്ങും ഇന്ന് സിന്ധി രീതിയിൽ വിവാഹിതരാകും. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് ഇന്നലെ ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നു.
കനത്ത കാവലിലാണ് ദീപികയെ രണ്‍വീർ മിന്നു ചാർത്തിയത്. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹവേദിയിൽ പ്രവേശനം. ഫോണിൽ ലഭിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. ഇറ്റലിയിലെ വിവാഹത്തിനുശേഷം തിരിച്ചെത്തുന്ന ഇവർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മുംബൈയിലും ബെംഗളൂരുവിലും രണ്ടു വിവാഹ വിരുന്നുകൾ നടത്തും.
വാടക മാത്രം രണ്ടു കോടി രൂപ
ഇറ്റലിയിലെവില്ലാ ഡെൽ ബാൽബിയാനെല്ലോയിലാണ് വിവാഹ ആഘോഷങ്ങളെങ്കിലും റൂമുകൾ ബുക്ക് ചെയ്തിരിക്കുന്നത് ലേക് കോമോയുടെ കിഴക്കു ഭാഗത്തുള്ള ലക്ഷ്വറി റിസോർട്ടിലാണ്. ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായാണ് ലേക് കോമോ അറിയപ്പെടുന്നത്.
റിസോർട്ട് മുഴുവനായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. മുറികൾ മുഴുവനായും ബുക്ക് ചെയ്തിരിക്കുകയാണ്. എഴുപത്തിയഞ്ചു മുറികളും നാലു റെസ്റ്റൊറന്റുകളും ബാറുകളും തടാകത്തിലേക്ക് മനോഹരമായ കാഴ്ച്ച നൽകുന്ന ടെറസും നാലു കോണ്‍ഫറൻസ് മുറികളും സ്പായും ഇൻഡോർ സ്വിമ്മിങ് പൂളും ഒൗട്ട്ഡോർ ഫ്ലോട്ടിങ് പൂളുമൊക്കെ അടങ്ങിയതാണ് ഈ റിസോർട്ട്.
ഒരാഴ്ച്ചത്തേക്കാണ് റിസോർട്ട് ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായി രണ്ടുപ കോടിയോളം രൂപയാണ് ചെലവ് വരുന്നത്. നേരത്തെ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ വിവാഹ നിശ്ചയവും ലേക് കോമോയിലാണ് നടന്നത്.