ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് താരവിവാഹത്തിന് ഇനി കഷ്ടിച്ച് പത്തുദിവസങ്ങള്‍ മാത്രം ബാക്കി. വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. കഴിഞ്ഞ ദിവസം താലിമാല (മംഗല്‍സൂത്ര) വാങ്ങിക്കാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ദീപികയെത്തിയതായി ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. വരാന്‍ പോകുന്നത് ഒരു ഗ്രാന്‍ഡ് വെഡ്ഡിങ് തന്നെയാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം നല്‍കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളവസ്ത്രമണിഞ്ഞ് ബാല്‍ക്കണിയില്‍ നില്‍ക്കുകയാണ് ചിത്രങ്ങളില്‍ രണ്‍വീര്‍. നവംബര്‍ 14, 15 ദിവസങ്ങളിലാണ് ദീപ്വീര്‍ വിവാഹം. സിന്ധി – കൊങ്കിണി ആചാരങ്ങള്‍ പ്രകാരമുള്ള വിവാഹം നവംബര്‍ 14നാണ്.
പരമ്പരാഗതമായ വിവാഹാഘോഷങ്ങള്‍ കഴിഞ്ഞാല്‍ അന്നു തന്നെ താരങ്ങള്‍ ഇറ്റലിയിലേക്ക് പറക്കും. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നവംബര്‍ 15 നാണ് ഔദ്യോഗിക വിവാഹ ചടങ്ങുകള്‍ നടക്കുക എന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാംഗ്ലൂരിലും മുംബൈയിലുമായി പ്രൗഢഗംഭീരമായ രണ്ടു റിസപ്ഷനുകളും ഉണ്ടായിരിക്കും. താരവിവാഹത്തില്‍ ഷൈന്‍ ചെയ്യാന്‍ ബോളിവുഡിലെ താരങ്ങളെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും വിവരമുണ്ട്.