ബോളിവുഡിന്റെ സ്വന്തം പ്രണയജോഡികളായ ദീപികയും രണ്‍വീർ സിംഗും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന തരത്തിലുള്ള വാർത്ത ബോളിവുഡിൽ പ്രചരിക്കുന്നു.
ഇവരുടെ മോതിര കൈമാറ്റം നടന്നുവെന്നാണ് പപ്പരാസികളുടെ കണ്ടെത്തൽ.വെക്കേഷൻ ആസ്വദിക്കാനായി ലണ്ടനിലേക്കു പറന്ന അവർ അവിടെ വച്ച് രഹസ്യമായി മോതിരം കൈമാറിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഈ ചിത്രങ്ങൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്യുന്ന പത്മാവതിയിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
ഈ ചിത്രം പുറത്തിറങ്ങിയതിന് ശേഷം വിവാഹിതരാവാനാണത്രേ ഇവരുടെ തീരുമാനം. ബംഗളൂരുവിൽ നടന്ന പൊതു ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദീപികയുടെ കൈയിൽ അണിഞ്ഞിരുന്ന മോതിരമാണ് പപ്പരാസികളിൽ സംശയം വരുത്തിയത്. പരിപാടി ആസ്വദിക്കുന്നതിനിടയിൽ കൈയടിക്കുന്ന ദീപികയുടെ കൈയിലെ മോതിരം ചിത്രങ്ങളിൽ വ്യക്തമായി കാണുന്നുണ്ട്.
പരിപാടിയിൽ പങ്കെടുക്കാൻ സഹോദരി അനീഷ പദുക്കോണിനൊപ്പമാണ് ദീപിക എത്തിയത്. സഹോദരിക്കൊപ്പം പരിപാടി ആസ്വദിക്കുന്ന ദീപികയുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
പ്രണയത്തിലായിരുന്ന ഇരുവരും വിവാഹത്തിലേക്ക് പ്രവേശിക്കുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെയും പുറത്തുവന്നിരുന്നു. എന്തായാലും ദീപികയും രണ്‍വീറും തമ്മിലുള്ള രഹസ്യ മോതിര കൈമാറ്റ വാർത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം താൻ വിവാഹിതയല്ലെന്നും വിവാഹ നിശ്ചയമൊന്നും നടത്തിയിട്ടില്ലെന്നുമാണ് ദീപിക പറയുന്നത്. എന്നാൽ പപ്പരാസികളും ആരാധകരും അതു വിശ്വസിച്ചിട്ടില്ല.