ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം ജമ്മുകാഷ്മീര്‍ പോലീസ് ഉദ്യോഗസ്ഥര്‍! നീതിപീഠത്തിന്റെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഭീഷണിയുമായി എത്തിയിരുന്നു; പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത ലോകം അറിയാന്‍ കാരണക്കാരിയായ ദീപിക പറയുന്നു

കഠുവയിലെ എട്ടുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി ക്രൂരമായി കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ നാണം കെടുത്തുമ്പോള്‍, പെണ്‍കുട്ടിയുടെ നീതിയ്ക്കുവേണ്ടി ഒരു രാജ്യം മുഴുവന്‍ ശബ്ദമുയര്‍ത്തുമ്പോള്‍ സല്യൂട്ടും അഭിനന്ദനവും അര്‍ഹിക്കുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ദീപിക സിംഗ് രജാവത്. ഒരു രാജ്യം മുഴുവന്‍ പെണ്‍കുട്ടിയുടെ നീതിക്കായി ശബ്ദമുയര്‍ത്താന്‍ ഏക കാരണം ദീപികയുടെ നിശ്ചയദര്‍ഢ്യമാണെന്നതാണ് അവരെ അതിനര്‍ഹയാക്കുന്നത്. അല്ലെങ്കില്‍ ആരുമറിയാതെ കേസ് തേഞ്ഞുമാഞ്ഞ് പോവുമായിരുന്നു.

പെണ്‍കുട്ടിക്ക് നീതി ലഭ്യമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പെണ്‍കുട്ടിയുടെ കുടുംബത്തിനുവേണ്ടി കേസ് സ്വയമേവ ഏറ്റെടുത്ത് കോടതിയില്‍ പോരാടിയ നിയമജ്ഞയായിരുന്നു ദീപിക സിംഗ്. കേസുമായി മുന്നോട്ട് പോവുമ്പോള്‍ നീതിപീഠത്തിന്റെ പ്രതിനിധികള്‍ തന്നെ ദീപികയ്ക്കെതിരെ ഭീഷണിയുമായി എത്തിയെങ്കിലും പൂര്‍വാധികം ശക്തിയോടെ പോരാടുകയായിരുന്നുവെന്ന് ദീപിക പറയുന്നു.

ആ പോരാട്ടം കുറ്റപത്ര സമര്‍പ്പണത്തില്‍ വരെ എത്തിയിരിക്കുന്നു. വധഭീഷണി ഉള്‍പ്പെടെ നിരവധി പ്രതികൂലാവസ്ഥകളെ നേരിട്ട താനിപ്പോഴും ജീവിച്ചിരിക്കുന്നതിന് ജമ്മുകാഷ്മീര്‍ പോലീസ് ഉദ്യോഗസ്ഥരോട് നന്ദിപറയുകയാണെന്നും ദീപിക ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

വനിതകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ പോരാടുന്ന ‘വോയ്സ് ഫോര്‍ റൈറ്റ്സ്’ എന്ന സന്നദ്ധ സംഘടന നടത്തുന്ന ദീപിക സിങ് രജാവതിന് ഭീഷണിയും അധിക്ഷേപവും പുതിയ കാര്യമല്ല. ഇതിന് മുമ്പും സമാന രീതിയിലുള്ള ഒട്ടേറെ കേസുകളില്‍ നീതിക്കുവേണ്ടി പോരാട്ടം നടത്തിയിട്ടുണ്ട് അവര്‍.

 

Related posts