ന്യൂഡൽഹി: ജെഎൻയുവിൽ മുഖംമൂടി ആക്രമണത്തിനു വിധേയരായ വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച ബോളിവുഡ് നടി ദീപിക പദുക്കോണിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപികയുടെ രാഷ്ട്രീയ ചായ്വ് എന്താണെന്ന് തനിക്കറിയാമെന്ന് സ്മൃതി ഇറാനി പറഞ്ഞു. 2011 ൽ താരം തന്റെ രാഷ്ട്രീയ ബന്ധം അറിയിച്ചിരുന്നതാണ്. അവർ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്- സ്മൃതി പറഞ്ഞു. ചെന്നൈയിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരോടൊപ്പം ദീപിക നിന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമായ കാര്യമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്. അവരുടെ അവകാശത്തെ ഞാന്‍ നിഷേധിക്കുന്നില്ല-സ്മൃതി പരിഹസിച്ചു.
ജെഎൻയുവിൽ മുഖംമൂടി ആക്രമണത്തിനു ശേഷം വിദ്യാർഥികൾക്ക് പിന്തുണയുമായി ദീപിക കാമ്പസിൽ എത്തിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥികളുമായി സംസാരിച്ച ശേഷമാണ് അവർ മടങ്ങിയത്. ഇതിനു ശേഷം ദീപികയ്ക്കു നേരെ ബിജെപി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ദീപികയുടെ സിനിമ ഛപക് ബഹിഷ്കരിക്കാൻ ബിജെപി നേതാക്കൾ ആഹ്വാനം നൽകുകയും ചെയ്തു.