ബോളിവുഡിലെ യുവസുന്ദരൻ രണ്‍വീർ സിംഗും സൂപ്പർനായിക ദീപിക പദുക്കോണും തമ്മിലുള്ള വിവാഹ ചടങ്ങുകൾ നടക്കുക ഇറ്റലിയിൽവച്ചു തന്നെയെന്ന് റിപ്പോർട്ടുകൾ വരുന്നു. ഇറ്റലിയിലെ ലേക് കോമോയിൽവച്ച് നവംബർ 14,15 തീയതികളിലാണ് വിവാഹചടങ്ങുകൾ നടക്കുക.
ഇരുവരും തമ്മിൽ ഏറെ നാളായി കടുത്ത പ്രണയത്തിലായിരുന്നു. വിവാഹത്തെക്കുറിച്ച് നേരത്തെ പല അഭ്യൂഹങ്ങളും ഉയർന്നെങ്കിലും എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ദീപിക കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കല്യാണക്കുറി പോസ്റ്റായിട്ട് ഇട്ടിരുന്നു. ഇറ്റലിയിൽനിന്ന് തിരിച്ചെത്തിയാലുടൻ മുംബൈയിൽ വച്ച് സിനിമയിലെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും മറ്റുമൊക്കെയായി വലിയൊരു റിസപ്ഷനാണ് ഒരുക്കുന്നത്. മുംബൈയിൽ ഡിസംബർ ഒന്നിനായിരിക്കും റിസപ്ഷൻ നടക്കുക.
വിവാഹത്തിൽ തീരുമാനമായതോടെ ദീപികയും രണ്‍വീറും അത്യധികം സന്തോഷത്തിലാണ്. ഇറ്റലിയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ അടുത്ത കുടുംബക്കാരും ഏറ്റവുമടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളൂ. സഞ്ജയ് ലീല ബൻസാലിയുടെ രാംലീലയിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലായത്.